ഭൂമിയുടെ കോണുകളിലേക്ക് കർത്താവിന്റെ സാന്നിധ്യം എത്തിച്ച ഫ്രാൻസിസ് എന്ന തീർഥാടകനായ പാപ്പ

റിയോ മുതൽ അജാസിയോ വരെ, സഞ്ചരിച്ച കിലോമീറ്ററുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഡസൻകണക്കിനു തവണ ലോകം ചുറ്റിസഞ്ചരിച്ച ഫ്രാൻസിസ് മാർപാപ്പ നടത്തിയത് 47 അപ്പസ്തോലിക വിദേശ സന്ദർശനങ്ങളായിരുന്നു. ഈ യാത്രകളെല്ലാം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാമീപ്യത്തിന്റെ സന്ദേശത്തെയും എല്ലാ ഭൂഖണ്ഡങ്ങളിലേക്കും, ഭൂമിയുടെ മിക്കവാറും എല്ലാ കോണുകളിലേക്കും കൊണ്ടുപോയി.

തന്റെ 12 വർഷത്തെ കാലയളവിൽ, ഫ്രാൻസിസ് മാർപാപ്പ 68 രാജ്യങ്ങൾ സന്ദർശിച്ചു. ദൈവവചനവും ദൈവസ്നേഹത്തിന്റെ ആശ്വാസവും മുഴുവൻ മനുഷ്യകുടുംബത്തിലേക്കും എത്തിക്കുക എന്ന അക്ഷീണദൗത്യത്തിന് ഈ യാത്രകളൊക്കെയും ജീവൻ നൽകി. 2013 ൽ ബ്രസീലിലേക്കു പുറപ്പെടുമ്പോൾ, തന്റെ ചെറിയ കറുത്ത ബാഗും വഹിച്ചുകൊണ്ട് വിമാനത്തിലേക്ക് പടികൾ കയറുന്ന ഫോട്ടോ എല്ലാവർക്കും സുപരിചിതമാണ്. വിമാനയാത്രയ്ക്കിടെ, അദ്ദേഹം ഇടനാഴികളിലൂടെ നടന്നു. വിമാനത്തിലുണ്ടായിരുന്ന പത്രപ്രവർത്തകരെ നേരിട്ട് അഭിവാദ്യം ചെയ്യുകയും അവരുമായി സംസാരിക്കുകയും ചെയ്തു.

തന്റെ വിദേശരാജ്യ സന്ദർശനങ്ങളിലെല്ലാം ഒരു കവചിത വാഹനം ഉപയോഗിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഒരു ലളിതമായ കാറിലോ അല്ലെങ്കിൽ ആളുകളുമായി ബന്ധപ്പെടാനും അവരുടെ ജീവിതവും വികാരങ്ങളും പങ്കിടാനും കഴിയുന്ന ഒരു തുറന്ന ജീപ്പിലോ സഞ്ചരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വിദേശയാത്ര ഒരു വിദേശ സന്ദർശനമായിരുന്നില്ല, മറിച്ച് അക്രമം, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം എന്നിവയിൽ നിന്ന് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും യൂറോപ്പിലേക്കുള്ള പ്രവേശന തുറമുഖമായ തെക്കൻ ഇറ്റലിയിലെ ഒരു ദ്വീപായ ലാംപെഡൂസയിലേക്കുള്ളതായിരുന്നു എന്നതും പ്രതീകാത്മകമാണ്.

തന്റെ ആദ്യ സന്ദർശനത്തിനായി ലാംപെഡൂസ തിരഞ്ഞെടുത്തപ്പോൾ, ദരിദ്രർക്ക്, പ്രത്യേകിച്ച് അതിജീവനം, സുരക്ഷ, ഭാവി എന്നിവ തേടുന്ന കുടിയേറ്റക്കാർക്ക് കൊടുക്കേണ്ട മുൻഗണനയെ അദ്ദേഹം എടുത്തുകാണിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ യാത്രകൾ

ഒരു വർഷം ശരാശരി നാല് യാത്രകൾ; അങ്ങനെ 68 വ്യത്യസ്ത രാജ്യങ്ങൾ. അവയിൽ ഓരോന്നിലും ഉണ്ടായിരുന്നത് നീതി, സമാധാനം, മാനവരാശിക്കു മുഴുവനുമുള്ള സ്നേഹം എന്നിവയ്ക്കായി ആഹ്വാനം ചെയ്യാനുള്ള അവസരമായിരുന്നു. ആരോഗ്യപരമായി അദ്ദേഹം ദുർബലനായിരുന്നെങ്കിലും അദ്ദേഹം വീൽ ചെയറിൽ യാത്ര ചെയ്തു. ഇടയ്ക്ക് ഒന്നോ, രണ്ടോ സന്ദർശനങ്ങൾ വേണ്ടെന്നുവച്ചെങ്കിലും അദ്ദേഹത്തിന്റെ ധൈര്യവും പ്രതീക്ഷയും ഒരിക്കലും ദുർബലമായില്ല.

വിഭജനം, യുദ്ധം എന്നിവയാൽ കൂടുതൽ കൂടുതൽ ഇരുണ്ടുപോയ ഒരു ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്ത്, ‘സമാധാനത്തിലേക്കുള്ള പാലങ്ങൾ പണിയാൻ’ അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ലിംഗഭേദം, ദുരുപയോഗം, ഗർഭഛിദ്രം എന്നിവയെക്കുറിച്ചുള്ള പ്രയാസകരമായ ചർച്ചകളിൽ നിന്നും അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറിയില്ല.ഫ്രാൻസിസ് മാർപാപ്പ നടത്തിയ പല സന്ദർശനങ്ങളും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും തീർഥാടനങ്ങൾ എന്ന നിലയിലാണ് നടത്തിയത്.

കൊളംബിയ, ദക്ഷിണ സുഡാൻ, ഇറാഖ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങളോടൊപ്പം മംഗോളിയയിലെ 1500 ഓളം വരുന്ന കത്തോലിക്കാ സമൂഹത്തെപ്പോലുള്ള ഏറ്റവും ചെറുതും ദുർബലവുമായ ആട്ടിൻകൂട്ടത്തെപ്പോലും അദ്ദേഹം അവഗണിച്ചില്ല. താൻ അവരെക്കുറിച്ച് കരുതലുള്ളവനാണെന്നും യേശുവിനെപ്പോലെ ചുറ്റിസഞ്ചരിച്ച് ദൈവസ്നേഹത്തെ തിരഞ്ഞെടുത്തെന്നും അദ്ദേഹം കാണിച്ചുതന്നു.

ബൊളീവിയയിലെ ഓക്സിജൻ കുറവുള്ള അത്ര ഉയരത്തിലും പൊള്ളുന്ന ആഫ്രിക്കൻ സൂര്യനു കീഴിൽ മണിക്കൂറുകൾ ചെലവഴിച്ചപ്പോഴും ഫിലിപ്പീൻസിലെ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടും അദ്ദേഹം തന്റെ അപ്പസ്തോലിക യാത്രകൾ ഒരു തീർഥാടനം പോലെ ഏറ്റെടുത്തു.

പാപുവ ന്യൂ ഗിനിയയിലെ നൂറുകണക്കിന് വ്യത്യസ്ത ഗോത്രങ്ങളിൽ നിന്നുള്ള ദരിദ്രരായ ആയിരക്കണക്കിനു തദ്ദേശീയർ, പ്രകൃതിയുടെ ഏറ്റവും തിളക്കമുള്ള നിറങ്ങളിലും വസ്ത്രങ്ങളിലും അലങ്കരിച്ച്, അപകടകരമായ വനങ്ങളിലൂടെയോ, അപകടകരമായ ജലാശയങ്ങൾ കടന്നോ ദിവസങ്ങളോളം അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ, ഐക്യത്തിന്റെ സ്വരച്ചേർച്ചയായിരുന്നു അവിടെ ദർശിച്ചത്.

നാമെല്ലാവരും കാത്തിരുന്നതും എന്നാൽ ഒരിക്കലും നടക്കാത്തതുമായ ഒരു സന്ദർശനം, ഫ്രാൻസിസ് മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിലേക്കുള്ളതായിരുന്നു. 2013 മാർച്ചിൽ ആ നിർഭാഗ്യകരമായ കോൺക്ലേവിൽ പങ്കെടുക്കാൻ റോമിലേക്കു പോയതിനുശേഷം അദ്ദേഹം ഒരിക്കൽപോലും തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയില്ല. എന്നാൽ അദ്ദേഹം എവിടെപ്പോയാലും അവിടമായിരുന്നു അദ്ദേഹത്തിന്റെ നാടും വീടുമെല്ലാം. അവിടെ ഉള്ളവരെല്ലാവരുമായിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.