തനിക്കുവേണ്ടി പ്രാർഥിക്കുന്ന ലോകത്തോട് നന്ദിയറിയിച്ച് ഫ്രാൻസിസ് പാപ്പ; ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു

ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലും തനിക്കുവേണ്ടി പ്രാർഥിക്കുന്ന ലോകത്തോട് നന്ദിയറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 14 മുതൽ ആശുപത്രിയിൽ തുടരുന്ന പാപ്പയ്ക്ക് ശ്വാസതടസ്സം മൂലം ഓക്സിജൻ നൽകുന്നത് തുടരുകയാണ്.

ആരോഗ്യസ്ഥിതി മോശമായി തുടരുന്നെങ്കിലും മാർപാപ്പ ബോധവാനാണെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. ലോകമെമ്പാടുമായി തനിക്കായി പ്രാർഥിക്കുന്നവരോട് പാപ്പ നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പാ അപകടസ്ഥിതി തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

ജൂബിലി വർഷത്തിന്റെ ഭാഗമായി വത്തിക്കാനിൽ ഡീക്കന്മാരുടെ ജൂബിലിയോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാന പാപ്പായുടെ നിർദ്ദേശപ്രകാരം, ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ലയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ പത്താം നിലയിലെ അപ്പാർട്ട്‌മെന്റിൽ തന്നെ  പരിചരിക്കുന്നവരോടൊപ്പം പാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതായി പ്രസ്താവനയിൽ പറയുന്നു.



 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.