കർദിനാൾ ലഡാരിയയ്ക്ക് നന്ദിയർപ്പിച്ച് ഫ്രാൻസിസ് പാപ്പാ

വിശ്വാസ സിദ്ധാന്തത്തിനായുള്ള ഡിക്കസ്റ്ററിയുടെ തലവനായി ആറുവർഷമായി നൽകിയ സേവങ്ങൾക്ക് കർദിനാൾ ലൂയിസ് ലഡാരിയോട് നന്ദിപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ അഞ്ചാം തീയതിയാണ് പാപ്പാ കർദിനാളിന് നന്ദിപറയുന്നതിനായി എത്തിയത്. 79 -കാരനായ ലഡാരിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഡിക്കസ്റ്ററിയിലെ മറ്റ് ഉദ്യോഗസ്ഥരെയും പാപ്പാ അഭിവാദ്യം ചെയ്തു.

ജൂലൈ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ ആർച്ചുബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ലഡാരിയയുടെ പിൻഗാമിയായി നിയമിച്ചിരുന്നു. 61 -കാരനായ ഫെർണാണ്ടസ്, സെപ്റ്റംബർ 11 -ന് ചുമതലയേൽക്കും. 2008 മുതൽ വത്തിക്കാനിലെ ഡോക്ട്രിൻ ഓഫീസിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ലഡാരിയയെ 2017 ജൂലൈ ഒന്നിനാണ് വിശ്വാസപ്രമാണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്‌റ്റായി നിയമിച്ചത്.

1966 മുതൽ ജെസ്യൂട്ട് അംഗമായ ലഡാരിയ 1975 -ൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മാഡ്രിഡിലെ കോമിലാസ് പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിലും പിന്നീട് റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിലും ഡോഗ്മാറ്റിക് തിയോളജി പ്രൊഫസറായി. 1986-1994 കാലഘട്ടത്തിൽ ലഡാരിയ ഗ്രിഗോറിയൻ വൈസ് റെക്ടറും ആയിരുന്നു. ഡി.ഡി.എഫിന്റെ തലവനെന്ന നിലയിൽ, ലഡാരിയ ഇന്റർനാഷണൽ തിയോളജിക്കൽ കമ്മീഷന്റെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെയും പ്രസിഡന്റായിരുന്നു. ആ റോളുകൾ ഇനി ബിഷപ്പ് ഫെർണാണ്ടസ് നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.