ആത്മാവിനാൽ നയിക്കപ്പെടുന്ന സിനഡാത്മക സഭയെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

Pope Francis speaks as Maltese Cardinal Mario Grech, secretary-general of the Synod of Bishops, looks on during a meeting with representatives of bishops' conferences from around the world at the Vatican in this Oct. 9, 2021, file photo. Cardinal Grech and Cardinal Kurt Koch, President of the Pontifical Council for Promoting Christian Unity, released a joint prayer that calls for the Catholic church to "walk together with all Christians" during the synod process. (CNS photo/Paul Haring)

പരിശുദ്ധാത്മാവ് നമ്മിൽ ദൈവസ്നേഹം നിറയ്ക്കുന്ന അഗ്നിയാണെന്നും ആ സ്നേഹം ഉള്ളിലുണ്ടെങ്കിൽ മാനവികതയെ മുഴുവൻ പക്ഷഭേദങ്ങളില്ലാതെ നമുക്ക് സ്നേഹിക്കാനാകുമെന്നും ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ രണ്ടിന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് പൊതുയോഗത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ ആരംഭത്തിൽ സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

ദൈവത്തിന്റെ കരുണയോടെ വേണം നാം ജീവിക്കേണ്ടതെന്നും, ആത്മാവ് ആരെയും മാറ്റിനിറുത്തുന്നില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരോട് ക്ഷമിക്കാനാണ് ആത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നത്. ക്ഷമിക്കപ്പെട്ടതിന്റെ അനുഭവത്തിൽ മറ്റുള്ളവരോട് ക്ഷമിക്കാൻ നമുക്കാകണം. സിനഡിന്റേത് ഒരു പ്രത്യേക സമയത്തേക്കു മാത്രമുള്ള പ്രവർത്തനമല്ല, മറിച്ച് ഇത് നിരന്തരം തുടരുന്ന ഒന്നാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭയ്ക്ക് തന്നെത്തന്നെ തിരിച്ചറിയാനും, തന്നിലെ ദൈവികനിയോഗം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും അഭ്യസിക്കാനുള്ള ഒരു വഴിയാണിത്. ദൈവത്തിന്റെ കരുണയുടെ പ്രവർത്തകരായി, മെത്രാന്മാരും, വൈദികരും, സമർപ്പിതരും, അല്മയരും ഒരുമിച്ച് ചേർന്ന് മുന്നോട്ടുപോകുന്ന ഒരു സമൂഹമാണിത്.

യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലൂടെ ലോകത്ത് സമാധാനം കൊണ്ടുവരികയെന്ന, സഭയ്ക്ക് നൽകപ്പെട്ടിരിക്കുന്ന നിയോഗത്തെക്കുറിച്ച് പാപ്പാ പ്രത്യേകം പരാമർശിച്ചു. എത്ര കഠിനഹൃദയരെയും മാറ്റിമറിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. നമ്മുടെ വിഷമതകൾ മാറ്റി, ദൈവത്തിന്റെ പ്രത്യാശ നമ്മിൽ നിറയ്ക്കുന്നത് ആത്മാവാണ്.

സിനഡിൽ അല്മായരുടെ സാന്നിദ്ധ്യത്തെ പരാമർശിച്ച പാപ്പാ, ഇതൊരിക്കലും മെത്രാന്മാരുടെ അധികാരത്തിൽ കുറവുവരുത്താനല്ല എന്ന് വ്യക്തമാക്കി. മറിച്ച് പരസ്പരസഹകരണത്തോടെയുള്ള പ്രവർത്തനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ്.

വിശുദ്ധ പോൾ ആറാമൻ പാപ്പാ 1965-ൽ സിനഡ് സ്ഥാപിച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, അദ്ദേഹം സിനഡിനെ തുടർച്ചയായ ഒരു പഠനമായും, പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെട്ട് ദൈവികപദ്ധതിയുടെ പൂർത്തീകരണത്തിലേക്ക് നീങ്ങാനുള്ള സഭയുടെ നിയോഗത്തെക്കുറിച്ചുള്ള വിചിന്തനമായുമാണ് മുന്നോട്ടുവച്ചതെന്ന് ഓർമ്മിപ്പിച്ചു. സഭയ്ക്ക് തന്നെത്തന്നെ കൂടുതൽ നന്നായി മനസ്സിലാക്കുവാനുള്ള ഒരു അവസരമാണ് സിനഡ് ഒരുക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. സഭയുടെ ഉറപ്പുള്ള മാർഗ്ഗദർശിയും ആശ്വാസദായകനുമാണ് ആത്മാവെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, ഏവരോടും ആത്മാവിന്റെ പ്രവർത്തനങ്ങൾക്കായി ഹൃദയം തുറന്നുവയ്ക്കാൻ ആവശ്യപ്പെട്ടു. നാമൊരുമിച്ച് പ്രത്യാശയിലും എളിമയിലും ദൈവാശ്രയബോധത്തിലുമാണ് ഈ യാത്ര നടത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.