ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ലെറ്റ്‌സൈൽ ടെബോഗോയുടെ ഷൂസിൽ കൈയൊപ്പ് ചാർത്തി ഫ്രാൻസിസ് പാപ്പ

പാരീസ് ഒളിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായി മാറിയ ബോട്സ്വാനയിൽനിന്നുള്ള യുവതാരം ലെറ്റ്‌സൈൽ ടെബോഗോയെ പൊതുസദസിന്റെ അവസാനം ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്തു. ആഗസ്റ്റ് 29-നു നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ടെബോഗോയുടെ ഷൂസിൽ മാർപാപ്പ തന്റെ ഒപ്പ് നൽകി.

21-കാരനായ ടെബോഗോ പരിശുദ്ധ പിതാവിനെ കണ്ടുകഴിഞ്ഞപ്പോൾ പാപ്പയോട് ഒരു പ്രത്യേക അഭ്യർഥന നടത്തി. ഒളിമ്പിക്സിലണിഞ്ഞ ഷൂവിൽ പാപ്പയുടെ ഒരു ഒപ്പ് വേണം. അതിൽ ടെബോഗോ അവന്റെ ജനനത്തീയതിയും മെയ് 18-നു മരിച്ച അമ്മ എലിസബത്ത് സെറാറ്റിവയുടെ ആദ്യാക്ഷരങ്ങളും എഴുതിവച്ചിരുന്നു. സ്തനാർബുദം ബാധിച്ചു മരിച്ച തന്റെ അമ്മ വളരെ ദൈവഭക്തിയുള്ള സ്ത്രീയായിരുന്നുവെന്നും ടെബോഗോ ഫ്രാൻസിസ് മാർപാപ്പയോടു പറഞ്ഞു.

നൂറു മീറ്ററിൽ സ്വർണ്ണമെഡൽ നേടിയ അമേരിക്കക്കാരനായ നോഹ ലൈൽസിനെ ഫൈനലിൽ തോല്പിച്ചാണ് ടെബോഗോ ഈ നേട്ടം കൈവരിച്ചത്. പരിശുദ്ധ പിതാവ് അദ്ദേഹത്തിന്റെ കഥ കേട്ട്, സ്വർണ്ണമെഡൽ നേടിയതിനു അഭിനന്ദനങ്ങൾ അറിയിക്കുകയും ശേഷം ഷൂസിൽ ഒപ്പിട്ടുനൽകി അനുഗ്രഹിക്കുകയും ചെയ്തു. അമ്മയുടെ മരണശേഷം സ്‌പോർട്‌സ് ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്നും ടെബോഗോ മാർപാപ്പായോടു വെളിപ്പെടുത്തി. തന്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കേണ്ടതിനായി പ്രാർഥിക്കണമെന്ന് മാർപാപ്പയോട് ആവശ്യപ്പെടുകയും താൻ അമ്മയ്ക്കുവേണ്ടിയാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടെബോഗോയുടെ മാതൃരാജ്യമായ ബോട്സ്വാനയിൽ കുട്ടികളും യുവാക്കളും നഗ്നപാദരായി ഓടുന്നത് സാധാരണമാണ്. ഇപ്പോൾ, ഒളിമ്പിക് സ്വർണ്ണം നേടിയശേഷം, തന്റെ രാജ്യത്തിന്റെ യഥാർഥ അവസ്ഥകളെക്കുറിച്ച് ലോകത്തിൽ അവബോധം വളർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു.

ഒളിമ്പിക്സിൽ 4 x 400 -ൽ വെങ്കലം നേടിയ ഉക്രേനിയൻ അത്‌ലറ്റ് അന്ന റൈസിക്കോവയെപ്പോലുള്ള മറ്റ് ഒളിമ്പിക് മെഡൽ ജേതാക്കളും ഫ്രാൻസിസ് മാർപാപ്പയെ അഭിവാദ്യം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.