
തന്റെ അപ്പോസ്തോലിക യാത്രയുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ എഡ്മണ്ടനിൽ നിന്ന് ക്യുബെക്കിലേക്ക് യാത്ര തിരിച്ചു. ജൂലൈ 24 മുതൽ 29 വരെയാണ് പാപ്പായുടെ കനേഡിയൻ അപ്പോസ്തോലിക യാത്ര.
‘അനുതാപ തീർത്ഥാടനം’ എന്നാണ് പാപ്പായുടെ ഈ അപ്പോസ്തോലിക യാത്ര അറിയപ്പെടുന്നത്. അപ്പസ്തോലിക യാത്രയുടെ ആദ്യ ദിവസങ്ങളിൽ താമസിച്ചിരുന്ന എഡ്മന്റണിലെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് ജൂലൈ 27- ന് രാവിലെ പാപ്പാ യാത്ര തിരിച്ചു. തുടർന്ന് പാപ്പാ എഡ്മന്റൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയും അവിടെ നിന്ന് ക്യൂബെക്കിലേക്ക് യാത്ര പുറപ്പെടുകയും ചെയ്‌തു. ജൂലൈ 29 വരെ പാപ്പാ ക്യൂബെക്ക് നഗരത്തിലായിരിക്കും. തുടർന്ന് അദ്ദേഹം തന്റെ യാത്രയുടെ അവസാന സന്ദർശന സ്ഥലമായ ഇക്വലൂയിറ്റിലേക്ക് പോകും.
എഡ്മണ്ടനിൽ നിന്ന് ക്യൂബെക്കിലേക്ക് നാല് മണിക്കൂർ യാത്രയാണുള്ളത്. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ക്യൂബെക്കിലെ സിറ്റാഡെല്ലിലേക്ക് പോകും. അവിടെ അദ്ദേഹം ഗവർണർ ജനറൽ മേരി മേ സൈമൺ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, തദ്ദേശീയ നേതാക്കൾ മറ്റ് സിവിൽ അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ 28- ന് ക്യൂബെക്ക് നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സെന്റ് ലോറൻസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആൻ ഡി ബ്യൂപ്രേയുടെ ദൈവാലയത്തിൽ മാർപാപ്പ പരിശുദ്ധ കുർബാനയർപ്പിക്കും.
ജൂലൈ 29- ന് സൊസൈറ്റി ഓഫ് ജീസസ് (ജെസ്യൂട്ട്) അംഗങ്ങളുമായും ക്യൂബെക്കിൽ നിന്നുള്ള തദ്ദേശീയരെ പ്രതിനിധീകരിക്കുന്ന ഒരു പ്രതിനിധി സംഘവുമായും ക്യുബെക്കിലെ ആർച്ചുബിഷപ്പിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇക്വലൂയിറ്റിലേക്ക് പോകുന്ന പാപ്പാ റസിഡൻഷ്യൽ സ്‌കൂളിൽ പഠിച്ചവരുമായും ശേഷം യുവാക്കളുമായും പ്രായമായവരുമായും കൂടിക്കാഴ്ച നടത്തും. അന്ന് വൈകുന്നേരത്തോടെ തന്നെ പാപ്പാ റോമിലേക്ക് മടങ്ങും.