![women](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/women.jpg?resize=696%2C435&ssl=1)
തെക്കൻ ഇറ്റലിയിലെ പുഗ്ലിയ മേഖലയിൽ നിന്നുള്ള പരമ്പരാഗത തരം പാസ്തയായ ‘ഒറെച്ചിയെറ്റ്’ ഉണ്ടാക്കുന്ന ഇറ്റാലിയൻ വനിത നൻസിയയ്ക്ക് കത്തയച്ച് ഫ്രാൻസിസ് മാർപാപ്പ. പരമ്പരാഗത രീതിയിലുള്ള ഈ പാസ്തയെ സജീവമായി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുവാൻ ഫ്രാൻസിസ് മാർപാപ്പ നൽകിയ പ്രോത്സാഹനത്തിൽ അഭിമാനമുണ്ടെന്ന് നൻസിയ വെളിപ്പെടുത്തി.
“എനിക്ക് വത്തിക്കാനിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ഈ പ്രത്യേകതരം പാസ്തയുണ്ടാക്കുന്ന രീതി ഞാൻ സജീവമായി നിലനിർത്തുന്നു. അത് മാറ്റിവയ്ക്കാൻ കഴിയില്ല. മാർപാപ്പയുടെ വാക്കുകൾ എനിക്ക് ശക്തി നൽകി. നന്ദി, പാപ്പ… പഴയ കാലത്ത് ഉണ്ടാക്കിയതുപോലെ,എല്ലായ്‌പ്പോഴും ഉണ്ടാക്കേണ്ടതുപോലെ, അങ്ങേയ്ക്കായി പാൻസെറോട്ടി (ഒരു തരം പലഹാരം) തയ്യാറാക്കുന്നതിനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്”- നൻസിയ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. നൻസിയ വത്തിക്കാനിലെ ഒരു പൊതുസദസ്സിനുശേഷം പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും സന്തോഷത്തോടെ അനുസ്മരിക്കുന്നു.
ചെവിയെ അനുസ്മരിപ്പിക്കുന്ന ആകൃതി കാരണം സ്പാനിഷിൽ ഈ പാസ്തയുടെ പേരിന്റെ അർഥം ‘ചെറിയ ചെവികൾ’ എന്നാണ്. റവ, ഗോതമ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രത്യേകതരം പാസ്തയാണിത്. ഈ ഇറ്റാലിയൻ വിഭവം സംരക്ഷിക്കുന്ന പ്രധാന സംരക്ഷകരിൽ ഒരാളായി നൻസിയ മാറി. ഇതിനകം 60000-ത്തിലധികം ഫോളോവേഴ്‌സുള്ള അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ, പ്രശസ്തമായ ഒറെച്ചീറ്റ് ശരിയായി നിർമ്മിക്കുന്നതിനുള്ള പാചകക്കുറിപ്പുകളും പങ്കിടുന്നു. അങ്ങനെ ആ നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട പാരമ്പര്യ ഭക്ഷണങ്ങളിൽ ഒന്ന് നിലനിർത്തുകയാണ്.