യുദ്ധം ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ രക്തസാക്ഷിയായ ഉക്രൈനെ ആശ്ലേഷിച്ച് ഫ്രാൻസിസ് മാർപാപ്പ

റഷ്യ – ഉക്രൈൻ യുദ്ധം ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ ‘രക്തസാക്ഷിയായ ഉക്രൈനെ’ ആശ്ലേഷിച്ച് ഫ്രാൻസിസ് മാർപാപ്പ. 2022 ഫെബ്രുവരിയിൽ റഷ്യൻ സൈനികസേനയുടെ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധത്തിൽ രക്തസാക്ഷിയായ ഉക്രൈനിലെ എല്ലാ പൗരന്മാർക്കും ഫ്രാൻസിസ് മാർപാപ്പ ആലിംഗനം അയച്ചു. ഉക്രൈനിലെ അപ്പസ്‌തോലിക് നൂൺഷ്യോയെ അഭിസംബോധന ചെയ്തുകൊണ്ട് നവംബർ 19-ന് എഴുതിയ കത്തിൽ, “ഉക്രേനിയക്കാർ അനുഭവിക്കുന്ന വിപുലമായ സൈനിക ആക്രമണത്തിന്റെ ആയിരം ദിവസങ്ങൾ കടന്നുപോയി” എന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസിയായ UNHCR യുടെ നവംബർ 12 ലെ പ്രസ്താവനപ്രകാരം, ഈ വർഷം ആഗസ്റ്റ് മുതൽ ഏകദേശം 1,70,000 ആളുകൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ഉക്രൈനിലെ കുടിയൊഴിപ്പിക്കപ്പെട്ട ഏകദേശം നാലു ദശലക്ഷം ആളുകളും 6.7 ദശലക്ഷം പൗരന്മാരും രാജ്യത്തിനുപുറത്ത് അഭയം തേടിയിട്ടുണ്ട്. 2022 ഫെബ്രുവരി 24 മുതൽ 659 കുട്ടികൾ ഉൾപ്പെടെ 12,162 സിവിലിയന്മാരെങ്കിലും മരിച്ചതായും കുറഞ്ഞത് 26,919 സാധാരണക്കാർക്ക് പരിക്കേറ്റതായും നവംബർ 19-ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു.

“ദിവസേനയുള്ള ബോംബാക്രമണങ്ങളിൽനിന്ന് ആളുകളുടെ ജീവൻ സംരക്ഷിക്കാനോ, മരിച്ചവരെ ആശ്വസിപ്പിക്കാനോ, മുറിവേറ്റവരെ സുഖപ്പെടുത്താനോ, കുട്ടികളെ നാട്ടിലെത്തിക്കാനോ, തടവുകാരെ വിട്ടയയ്ക്കാനോ, കഠിനമായ കാര്യങ്ങൾ ലഘൂകരിക്കാനോ ഒരു മനുഷ്യവാക്കിനും കഴിയില്ലെന്ന് എനിക്കറിയാം” – പാപ്പ പറഞ്ഞു. “ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും യോജിപ്പിന്റെയും പാതയിലേക്ക് അവരെ എത്തിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള ജീവിതത്തിന്റെയും പ്രത്യാശയുടെയും ജ്ഞാനത്തിന്റെയും ഏക ഉറവിടം ദൈവമാണ്” എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

നാം ചൊരിയുന്ന കണ്ണുനീരിന്റെ കണക്ക് ചോദിക്കുന്നത് കർത്താവാണെന്നും മനുഷ്യപ്രയത്നങ്ങൾ ഫലശൂന്യവും പ്രവൃത്തികൾ അപര്യാപ്തവുമാണെന്നു തോന്നുമ്പോൾ അവൻ നമ്മോടൊപ്പമുണ്ട് എന്നുമുള്ള വാക്കുകളിലൂടെ ഫ്രാൻസിസ് പാപ്പ ഉക്രൈൻ ജനതയ്ക്ക് ആശ്വാസമേകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.