മനുഷ്യരിൽ ക്രിസ്തുവിന്റെ അടയാളം കണ്ട് ശുശ്രൂഷയും സംരക്ഷണവുമേകുക: ഫ്രാൻസിസ് പാപ്പ

അഭയവും ശുശ്രൂഷകളും തേടി തങ്ങൾക്കരികിലെത്തുന്ന മനുഷ്യരിൽ ക്രിസ്തുവിന്റെ അടയാളം കാണാനും അവർക്ക് സംരക്ഷണവും കരുതലുമേകാനും തയ്യാറാകാൻ കാരിത്താസ് സംഘടനാ പ്രവർത്തകരോട് ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ. തെക്കേ അമേരിക്കയിലെയും കരീബിയൻ പ്രദേശത്തെയും കാരിത്താസ് പ്രാദേശിക സംഘടനകളുടെ പ്രസിഡന്റുമാർ, ഡയറക്ടർമാർ എന്നിവർക്കായി തയ്യാറാക്കിയ പരിശീലനക്കളരിയിൽ സംബന്ധിച്ചവർക്ക് ജനുവരി 15 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

യുദ്ധവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ സംരക്ഷണം എന്ന വാക്കിന്, കാവൽ, പ്രതിരോധം, കരുതൽ തുടങ്ങിയ അർഥങ്ങളുണ്ടെന്ന് പറഞ്ഞ പാപ്പ, യുദ്ധകാലത്ത് പട്ടാളക്കാർ തങ്ങളുടെ ഗ്രാമങ്ങളുടെയോ, ഭവനങ്ങളുടേയോ മുന്നിൽ വയ്ക്കുന്ന അടയാളവുമായി ഇതിന് ബന്ധമുണ്ടെന്ന് ഓർമിപ്പിച്ചു. സ്വന്തം ജനത്തെ പട്ടാളക്കാർ ആക്രമിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്ന് പാപ്പ വിശദീകരിച്ചു.

സഹായം തേടിയെത്തുന്നവരിലും കാരിത്താസ് സംഘടനയിലെ ജോലിക്കാരിലും നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തികളിലും ഇങ്ങനെ സാങ്കൽപികമായി കർത്താവിന്റെ കുരിശ് വരയ്ക്കുന്നതിലൂടെ അവരിൽ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരങ്ങളുടെ അന്തസ്സാണ് നാം അംഗീകരിക്കുകയെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. കർത്താവിന്റെ രക്തത്താൽ സംരക്ഷിക്കപ്പെട്ട അവരിൽ, കർത്താവിന്റെ മുറിപ്പാടുകൾ കാണാനും അവന്റെ മനുഷ്യാവതാര രഹസ്യം തിരിച്ചറിയാനും നമുക്ക് സാധിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

ഏവരിലേക്കും കരുതലും സംരക്ഷണവുമെത്തിക്കാൻ പരിശുദ്ധ അമ്മയിൽനിന്ന് പഠിക്കാനായി ക്രിസ്തു നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും അനുഗ്രഹിക്കട്ടെയെന്നും പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കട്ടെയെന്നും പരിശുദ്ധ അമ്മ തന്റെ മേലങ്കി നിങ്ങളെ അണിയിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.