പട്ടിണിക്കെതിരെ ഒന്നിക്കാൻ ജി 20 രാജ്യങ്ങളോട് അഭ്യർഥിച്ച് ഫ്രാൻസിസ് പാപ്പ

പട്ടിണിക്കെതിരെ ഒന്നിക്കാൻ അമേരിക്ക, ജർമനി, ഫ്രാൻസ്, ചൈന, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ലോകനേതാക്കളുടെ ഗ്രൂപ്പായ ജി 20 യിലെ അംഗങ്ങളോട് അടിയന്തര ആഹ്വാനം നടത്തി ഫ്രാൻസിസ് പാപ്പ. നവംബർ 18, 19 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയനും ബ്രസീൽ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ‘ലുല’ ഡ സിൽവയെ അഭിസംബോധന ചെയ്ത സന്ദേശത്തിൽ, ഭക്ഷണം പാഴാക്കുന്നതും ദരിദ്രർ അനുഭവിക്കുന്ന വിശപ്പും തമ്മിലുള്ള വൈരുധ്യം ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തിയിൽ എഴുതിയത് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ റിയോയിൽ വായിച്ച വാചകത്തിൽ, യുദ്ധങ്ങൾ, തീവ്രവാദം, വിദേശനയങ്ങൾ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര വ്യവസ്ഥയ്‌ക്കെതിരായ വിവിധ സമ്മർദങ്ങൾ മാർപാപ്പ പരാമർശിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സുസ്ഥിരവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ആക്രണത്തിനിരയായവരുടെ അന്തസ്സ് പുനഃസ്ഥാപിക്കുന്നതിനുമുള്ള പുതിയ വഴികൾ കണ്ടെത്തണമെന്നും പാപ്പ പറഞ്ഞു.

മൂന്നു ബില്യണിലധികം ആളുകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമല്ല എന്നും ഏതാണ്ട് രണ്ടു ബില്യൺ ആളുകൾ അമിതവണ്ണമോ, പൊണ്ണത്തടിയോ ഉള്ളവരാണ് എന്നുമുള്ള വിരോധാഭാസത്തെ പരാമർശിച്ചശേഷം, പലിശയിലൂടെയും അത്യാഗ്രഹത്തിലൂടെയും പട്ടിണിയും മരണവും സംഭവിക്കുന്നുവെന്നും പരിശുദ്ധ പിതാവ് ഓർമപ്പെടുത്തി. ഇത് പരോക്ഷമായി നരഹത്യയുടെ ഗണത്തിൽപെടുമെന്നും പാപ്പ കൂട്ടിച്ചേർത്തു (Catechism of Catholic Church, 2269).

ദിവസേന പാഴാക്കുന്ന ഗണ്യമായ അളവിലുള്ള ഭക്ഷണത്തിന്റെ അളവ് തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ഭക്ഷണമാലിന്യം നിർമാർജനം ചെയ്യുന്നത് കൂട്ടായ പ്രവർത്തനം ആവശ്യമുള്ള ഒരു വെല്ലുവിളിയാണ്. ഇതുവഴി, ദരിദ്രരെയും വിശക്കുന്നവരെയും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നിക്ഷേപങ്ങളിലേക്ക് വിഭവങ്ങൾ തിരിച്ചുവിടാനാകും. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോളസഖ്യത്തിന് പട്ടിണിയും ദാരിദ്ര്യവും നേരിടാനുള്ള ആഗോളശ്രമങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പരിശുദ്ധ പിതാവ് പറഞ്ഞു.

മാനുഷികമഹത്വം പ്രോത്സാഹിപ്പിക്കുന്നതും പൊതുനന്മയ്ക്കായി പ്രത്യേക സംഭാവനകൾ നൽകുന്നതും പരിശുദ്ധ സിംഹാസനം തുടരുമെന്ന് പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.