
പരാഗ്വേയുടെ പ്രസിഡന്റ് സാന്റിയാഗോ പെന പലാസിയോസിനെ വത്തിക്കാനിലെ വസതിയിൽ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലമായിരുന്നു അപ്പസ്തോലിക വസതിയിൽ വച്ച് നവംബർ 27 ന് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തിയത്.
പരിശുദ്ധ സിംഹാസനം റിപ്പോർട്ട് ചെയ്തതുപോലെ, സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറി എന്നിവരോടൊപ്പമാണ് പെന പലാസിയോസ് മാർപാപ്പയുടെ അപ്പസ്തോലിക വസതിയായ കാസ സാന്താ മാർട്ടയിൽ കൂടിക്കാഴ്ച നടത്തിയത്. ദാരിദ്ര്യത്തെ ചെറുക്കുന്നതിനുള്ള പരാഗ്വേ ഗവൺമെന്റിന്റെ പുതിയ പരിപാടികളെ അഭിസംബോധന ചെയ്യുകയും പരിസ്ഥിതി സംരക്ഷണം, രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിനുള്ള പ്രതിബദ്ധത തുടങ്ങിയ പൊതുവായ വിഷയങ്ങളെക്കുറിച്ച് കൂടി കാഴ്ചയിൽ ചർച്ച ചെയ്യുകയും ചെയ്തു.
ചെറിയ പനിയും ശ്വാസകോശത്തിലെ നീർവീക്കവും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാൽ മാർപാപ്പ വിശ്രമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടിക്കാഴ്ചയ്‌ക്കൊടുവിൽ പരാഗ്വേയിലെ തദ്ദേശീയരായ കരകൗശല വിദഗ്ധർ നിർമ്മിച്ച ശിൽപങ്ങളും വെളളിയിൽ തീർത്ത ജപമാലയും രാജ്യത്തെ ഫലമൂലാദികൾ നിറച്ച കൂടയും മാർപാപ്പയ്ക്ക് പെന സമ്മാനിച്ചു.