ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 179 ആയതായി റിപ്പോർട്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാവേലിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡിസംബർ 29 നുണ്ടായ അപകടത്തിൽ അതിജീവിച്ചവർക്കും മരിച്ചവർക്കുംവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു.
“ദുരന്തമായ വിമാനാപകടത്തെ തുടർന്ന് ഇന്ന് ദുഃഖത്തിൽ കഴിയുന്ന ദക്ഷിണ കൊറിയയിലെ കുടുംബങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു” – പരിശുദ്ധ പിതാവ് പറഞ്ഞു. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് അപകടത്തിൽപെട്ടത്. പ്രാദേശികസമയം രാവിലെ 09.07 നായിരുന്നു അപകടം.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയിൽ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരന്മാരും രണ്ടുപേർ തായ്‌ലൻഡ് സ്വദേശികളുമാണെന്ന് അധികൃതർ അറിയിച്ചു.