പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിൻകീഴിൽ കത്തോലിക്കാ സഭ കഠിനമായ പീഡനങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ നിക്കരാഗ്വയിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് പാപ്പ. ആഗസ്റ്റ് 25-ന് ആഞ്ചലൂസ് പ്രസംഗത്തിന്റെ അവസാനമാണ് ഫ്രാൻസിസ് മാർപാപ്പ നിക്കരാഗ്വയെ പ്രത്യേകമായി അനുസ്മരിച്ചത്.
“നിക്കരാഗ്വയിലെ പ്രിയപ്പെട്ട ജനങ്ങൾ യേശുവിലുള്ള നിങ്ങളുടെ പ്രത്യാശ നവീകരിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരിശുദ്ധ അമ്മ പരീക്ഷണസമയങ്ങളിൽ നിങ്ങളെ സംരക്ഷിക്കുകയും അവളുടെ മാതൃ ആർദ്രത അനുഭവിക്കാൻ സഹായിക്കുകയും ചെയ്യട്ടെ” – പാപ്പ കൂട്ടിച്ചേർത്തു. നിക്കരാഗ്വയെ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിനും മധ്യസ്ഥതയ്ക്കും മാർപാപ്പ ഭരമേല്പിച്ചു.
സമീപവർഷങ്ങളിൽ നിക്കരാഗ്വയിലെ സഭയുടെ പീഡനം രൂക്ഷമായിട്ടുണ്ട്. സന്യാസിനിമാരെ സർക്കാർ പുറത്താക്കുകയും സഭാസ്ഥാപനങ്ങൾ ഏറ്റെടുക്കുകയും സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും കത്തോലിക്കാ മാധ്യമങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വൈദികരെയും ബിഷപ്പുമാരെയും തടവിലാക്കുകയോ, നാടുകടത്തുകയോ ചെയ്തു.
നൂറുകണക്കിന് കത്തോലിക്കാ സംഘടനകൾ ഉൾപ്പെടെ, ലാഭേച്ഛയില്ലാത്ത 1,500 സംഘടനകളുടെ നിയമപരമായ പദവി ഒർട്ടേഗ സ്വേച്ഛാധിപത്യം റദ്ദാക്കുകയും രണ്ട് പുരോഹിതരെക്കൂടി റോമിലേക്കു നാടുകടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മാർപാപ്പയുടെ പ്രാർഥനാഭ്യർഥന.