മതാധ്യാപകർക്കുവേണ്ടി പ്രത്യേകം പ്രാർഥിച്ച് ഫ്രാൻസിസ് പാപ്പ

ലോകമെമ്പാടുമുള്ള മതാധ്യാപകരെ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്ത് ഫ്രാൻസിസ് പാപ്പ. പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് 21, ‘മതാധ്യാപക ദിന’മായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാപ്പ മതാധ്യാപകർക്കുവേണ്ടി പ്രത്യേകം പ്രാർഥിച്ചത്.

മതാധ്യാപകരെ ഓർക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം പാപ്പ എടുത്തുപറഞ്ഞു. നിറഞ്ഞ ഹർഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകൾ സദസിലുള്ളവർ സ്വീകരിച്ചത്. “ഇന്ന് വി. പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി ആഘോഷിക്കുന്നു. വളരെയധികം സേവനം ചെയ്യുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂർവം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ മതാധ്യാപകരെക്കുറിച്ച് നമുക്കു ചിന്തിക്കാം. കർത്താവ് അവരെ ധൈര്യമുള്ളവരാക്കുന്നതിനും അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനുംവേണ്ടി അവർക്കായി നമുക്ക് ഇന്ന് പ്രാർഥിക്കുകയും ചെയ്യാം” – പാപ്പ പറഞ്ഞു.

പത്താം പിയൂസ് പാപ്പായുടെ മാതൃകയനുസരിച്ച്, ദൈവവചനം ശ്രവിക്കാനും നന്മപ്രവൃത്തികൾ ചെയ്തുകൊണ്ട് സാക്ഷ്യം വഹിക്കാനും എല്ലാവരെയും ഫ്രാൻസിസ് പാപ്പ ക്ഷണിച്ചു. പൊതുകൂടിക്കാഴ്ചയുടെ അവസാനം നടത്തിയ തന്റെ പ്രത്യേക പ്രാർഥനാ അഭ്യർഥനകളുടെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ മതാധ്യാപകർക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.