അപൂർവരോഗം ബാധിച്ച് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ആശുപത്രിയിൽ കഴിയുന്ന പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ലൈഫ് സപ്പോർട്ട് നീക്കംചെയ്യാൻ യു.കെ കോടതി ഉത്തരവിട്ടതോടെ, കുഞ്ഞിനുവേണ്ടിയും കുഞ്ഞിന്റെ കുടുംബത്തിനുവേണ്ടിയും പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഡീജനറേറ്റീവ് മൈറ്റോകോൺഡ്രിയൽ എന്ന അപൂർവരോഗം ബാധിച്ച് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ് ഇൻഡി ഗ്രിഗറി എന്ന പെൺകുഞ്ഞ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇൻഡിയുടെ ജീവൻ നിലനിർത്തുന്നത്. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗമായതിനാൽ ലൈഫ് സപ്പോർട്ട് നീക്കംചെയ്യാൻ യു.കെ കോടതി ഉത്തരവിടുകയായിരുന്നു. ഈ ആഴ്ച അവസാനം വെന്റിലേറ്റർ നീക്കംചെയ്യും.
ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ അച്ഛനെയും അമ്മയെയും പ്രാർഥനയിൽ പ്രത്യേകം ഓർക്കുന്നു. ഈ അവസരത്തിൽ പലവിധ രോഗങ്ങളാലും യുദ്ധംമൂലവും ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കുവേണ്ടിയും പ്രാർഥിക്കുന്നുവെന്ന് വത്തിക്കാൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറി സെപ്തംബറിൽ മാമ്മോദീസ സ്വീകരിച്ചിരുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായാണെങ്കിലും കുട്ടിയുടെ വേദനയും, ഭാവിയും പരിഗണിച്ചാണ് ലൈഫ് സപ്പോർട്ട് എടുത്തുമാറ്റാൻ ഇംഗ്ലണ്ടിലെ ഹൈക്കോടതി വിധിച്ചത്. കോടതിവിധിക്കുപിന്നാലെ ഇറ്റാലിയൻ സർക്കാർ നവംബർ 6 – ഗുരുതരാവസ്ഥയിലുള്ള കുട്ടിക്ക് ഇറ്റാലിയൻ പൗരത്വം നൽകുകയും അവളുടെ ചികിത്സാചെലവ് വഹിക്കാൻ സമ്മതമറിയിക്കുകയും ചെയ്തിരുന്നു. വത്തിക്കാനിലെ ബാംബിനോ ഗെസു പീഡിയാട്രിക് ഹോസ്പിറ്റലിൽ ചികിത്സ നൽകാനായിരുന്നു സർക്കാർ തീരുമാനം.
ഗ്രിഗറിയുടെ മാതാപിതാക്കൾ അവളെ ചികിത്സയ്ക്കായി റോമിലേക്കു കൊണ്ടുപോകാൻ യു.കെ കോടതികളെ സമീപിച്ചെങ്കിലും രണ്ടാമത്തെ പരമോന്നതകോടതി കുഞ്ഞിന്റെ ലൈഫ് സപ്പോർട്ട് ‘ഉടൻ’ നീക്കംചെയ്യാൻ ഉത്തരവിടുകയായിരുന്നു. യു.കെയും ഇറ്റലിയും കക്ഷികളായ 1996 -ലെ ഹേഗ് കൺവെൻഷൻ ഉടമ്പടിപ്രകാരമാണ് ഇറ്റലിയുടെ ആവശ്യം കോടതി നിരസിച്ചത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നവംബർ 10 -ന് ഇൻഡിയെ ചികിത്സയ്ക്കായി റോമിലേക്കു കൊണ്ടുവരാനായി യു.കെയുടെ ലോർഡ് ചാൻസലർക്കും സ്റ്റേറ്റ് സെക്രട്ടറിക്കും കത്തെഴുതിയതിനെ തുടർന്നാണ് തീരുമാനം. ബാംബിനോ ഗെസു പീഡിയാട്രിക് ഹോസ്പിറ്റലിലെ ജനറൽ മാനേജർ ഡോ. അന്റോണിയോ പെർണോയും യുകെ ഹൈക്കോടതിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി എല്ലാം നിരസിച്ചു.
വത്തിക്കാന്റെ കീഴിലുള്ള ബാംബിനോ ഗെസു ഹോസ്പിറ്റൽ, 2018 -ൽ ആൽഫി ഇവാൻസ്, 2017-ൽ ചാർലി ഗാർഡ് തുടങ്ങിയ മാരകരോഗബാധിതരായ മറ്റു ബ്രിട്ടീഷ് ശിശുക്കളുടെ ചികിത്സകളും ഏറ്റെടുക്കാൻ മുൻകാലങ്ങളിൽ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇവർക്കും കോടതിവിധി മറിച്ചായിരുന്നു. ഇറ്റലിയിലേക്കു പോകാനുള്ള അനുവാദം നിരസിച്ച കോടതി, ലൈഫ് സപ്പോർട്ട് എടുത്തുമാറ്റാൻ ഉത്തരവിടുകയും ഇരുവരും ഏതാനും ദിവസങ്ങൾക്കകം മരണപ്പെടുകയുംചെയ്തു.
അതേസമയം കോടതിവിധിക്കെതിരെ ഇംഗ്ലണ്ടിലെ കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. അപൂർവ രോഗബാധിതർക്ക് ദീർഘകാലം ജീവിക്കാൻ കഴിയില്ലെങ്കിലും മാതാപിതാക്കളുടെ ആഗ്രഹപ്രകാരം കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും പരീക്ഷിക്കാൻ അവസരം നൽകണമെന്നും സ്വാഭാവികമരണം സംഭവിക്കുംവരെ ജീവൻ നിലനിർത്താൻ അനുവദിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.