
നൈജറിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ അവസാനിക്കുന്നതിനായി പ്രാർഥിക്കുകയും പ്രാർഥിക്കാൻ ആവശ്യപ്പെടുകയും ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചയിലെ ആഞ്ചലോസ് പ്രാർഥനയ്ക്കിടയിലാണ് പാപ്പാ വിശ്വാസികളോട് ആ നാട്ടിലെ പ്രതിസന്ധികൾ അവസാനിക്കുന്നതിനായി പ്രാർഥിക്കാൻ ആവശ്യപ്പെട്ടത്.
“നൈജറിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കയോടെയാണ് ഞാൻ പിന്തുടരുന്നത്. രാജ്യത്തെ സമാധാനത്തിനും സഹേൽ മേഖലയിലെ സ്ഥിരതയ്ക്കുംവേണ്ടിയുള്ള ബിഷപ്പുമാരുടെ അഭ്യർഥനയിൽ ഞാനും ചേരുന്നു. എല്ലാവരുടെയും പ്രയോജനത്തിനായി എത്രയുംവേഗം സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രമങ്ങളെ ഞാൻ എന്റെ പ്രാർഥനയ്‌ക്കൊപ്പം അനുഗമിക്കുന്നു. നൈജറിലെ പ്രിയപ്പെട്ട ജനങ്ങൾക്കായി നമുക്ക് പ്രാർഥിക്കാം. യുദ്ധത്തിലും അക്രമത്തിലും മുറിവേറ്റ എല്ലാ ജനവിഭാഗങ്ങൾക്കും സമാധാനത്തിനായി പ്രാർഥിക്കാം. കുറച്ചുകാലമായി ദുരിതമനുഭവിക്കുന്ന ഉക്രൈനായി നമുക്ക് പ്രത്യേകം പ്രാർഥിക്കാം” – പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ജൂലൈ അവസാനത്തിൽ ഒരു അട്ടിമറിയിലൂടെ പ്രസിഡന്റിനെ അട്ടിമറിച്ച സൈനിക ഭരണകൂടമാണ് നൈജർ ഭരിക്കുന്നത്. അസമാധാനവും യുദ്ധവും കലഹവും നിറഞ്ഞ അന്തരീക്ഷത്തിനു മധ്യത്തിലൂടെയാണ് ഇവിടുത്തെ ജനങ്ങൾ കടന്നുപോകുന്നത്.