രണ്ടാം ലോകമഹായുദ്ധവേളയിൽ മരണമടഞ്ഞവരെ അടക്കംചെയ്തിരിക്കുന്ന, റോമിലുള്ള കോമൺവെൽത്ത് സെമിത്തേരിയിൽ ഫ്രാൻസിസ് പാപ്പാ സന്ദർശനം നടത്തി പരിശുദ്ധ ബലിയർപ്പിച്ചു. സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ചാണ് പാപ്പാ സെമിത്തേരി സന്ദർശിക്കുകയും പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തത്.
പരിശുദ്ധ ബലിക്കുമുൻപായി സെമിത്തേരിയിലെ ഓരോ കല്ലറയ്ക്കുമുൻപിലും അല്പസമയം മൗനമായി പ്രാർഥന നടത്തിയ പാപ്പാ, മരിച്ചുപോയ എല്ലാവരെയും ഓർത്തുകൊണ്ട് കല്ലറകളിൽ പുഷ്പങ്ങൾ സമർപ്പിച്ചു; തുടർന്ന് പരിശുദ്ധ ബലിയർപ്പിച്ചു. ഏകദേശം മുന്നൂറോളം വിശ്വാസികൾ പാപ്പായ്ക്കൊപ്പം പരിശുദ്ധ ബലിയിലും പ്രാർഥനകളിലും സംബന്ധിച്ചു.
ഓരോ വർഷവും നവംബർ മാസം രണ്ടാം തീയതിയിലെ പരിശുദ്ധ ബലിക്കായും പ്രാർഥനകൾക്കായും ഫ്രാൻസിസ് പാപ്പാ വിവിധ സെമിത്തേരികളിൽ സന്ദർശനം നടത്തുക പതിവാണ്. ഇത്തവണ ബലിയർപ്പിച്ച റോമിലുള്ള കോമൺവെൽത്ത് സെമിത്തേരി, രണ്ടാം ലോകമഹായുദ്ധസമയത്ത് റോമിൽ കൊല്ലപ്പെട്ട കോമൺവെൽത്തിൽപെട്ട സൈനികരുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു യുദ്ധസ്മാരകമാണ്. 426 കബറിടങ്ങളാണ് ഈ സെമിത്തേരിയിലുള്ളത്. ഓരോ കബറിടത്തിനുമുൻപിലും അടക്കം ചെയ്യപ്പെട്ട ആളുടെ പേരും ജനന-മരണതീയതികളും സ്ഥലങ്ങളും അവർ ഉൾപ്പെടുന്ന സൈനികസ്ഥാപനത്തിന്റെ ചിഹ്നം, മുദ്രാവാക്യം, ചിന്തകൾ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.