ഫ്രാൻസിസ് പാപ്പയുടെ നവംബർ മാസത്തെ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്‌തു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സമൂഹത്തിൽനിന്ന് പിന്തുണയും ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കട്ടെയെന്ന്, ഒക്ടോബർ 31 നു പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പാപ്പ വെളിപ്പെടുത്തി.
മകനെയോ, മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ല. പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ, വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്നു വിളിക്കുകയും ചെയ്യുമ്പോൾ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ലെന്ന് പാപ്പ ഓർമിപ്പിച്ചു. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുയെന്നത് സാധാരണമല്ലെന്ന് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി.
വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുകരിച്ച്, മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും സ്നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും അവരുടെ ദുഃഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കാനെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മുൻപ് സമാനമായ ദുരന്തത്തിലൂടെ കടന്നുപോയശേഷം തിരികെ പ്രത്യാശയിലേക്കു കടന്നുവന്ന കുടുംബങ്ങളിൽ വിശ്വാസത്തിന്റെ പിന്തുണയോടെ ആശ്വാസം കണ്ടെത്താൻ ഇത്തരം മാതാപിതാക്കൾക്ക് സാധിക്കുമെന്നും പാപ്പ പറഞ്ഞു.