ഫ്രാൻസിസ് പാപ്പായുടെ ഒക്ടോബർ മാസത്തെ പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചു. ഒക്ടോബർ നാലുമുതൽ ആരംഭിക്കുന്ന സിനഡിനുവേണ്ടി പ്രത്യേകം പ്രാർഥിക്കാനാണ് പാപ്പാ ഈ മാസം പ്രത്യേകമായി വിശ്വാസികളോട് ആവശ്യപ്പെടുന്നത്. പാപ്പയുടെ സാർവലൗകിക പ്രാർഥനാശൃംഖല (Pope’s Worldwide Prayer Network) തയാറാക്കിയ വീഡിയോയിലാണ് ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചത്.
“എല്ലാ തലങ്ങളിലും ശ്രവണവും സംവാദവും അവളുടെ ജീവിതശൈലിയായി സ്വീകരിച്ച്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയം അനുവദിക്കാനായി നമുക്ക് സഭയ്ക്കുവേണ്ടി പ്രാർഥിക്കാം” – പാപ്പാ ആവശ്യപ്പെട്ടു. പ്രേഷിതദൗത്യമാണ് സഭയുടെ ഹൃദയത്തിലുള്ളതെന്നുപറഞ്ഞ പാപ്പാ, സിനഡിൽ ആയിരിക്കുന്ന സഭയിൽ ഈ സിനഡൽ ചലനാത്മകത, പ്രേഷിതവിളി – അതായത് സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ കല്പനയോടുള്ള അവളുടെ ഉത്തരംകൊണ്ടു മാത്രമാണ് ശക്തിയാർജ്ജിക്കുന്നതെന്ന് വിശദീകരിച്ചു. ഒന്നും ഇവിടെ അവസാനിക്കുന്നില്ല എന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മറിച്ച് ഇവിടെ നമ്മൾ സഭയുടെ യാത്രയിലാണ്. എമ്മാവൂസിലെ ശിഷ്യരെപ്പോലെ, നമ്മുടെ മധ്യേ എപ്പോഴും വരുന്ന കർത്താവിനെ ശ്രവിച്ചുകൊണ്ട് നമ്മൾ നടക്കുന്ന ഒരു യാത്രയാണിത് – പാപ്പാ ഓർമ്മപ്പെടുത്തി.
കർത്താവ് ആശ്ചര്യങ്ങളുടെ നാഥനാണ്. ദൈവവചനംകൊണ്ട് സംസാരിക്കാനായി ദൈവത്തിന്റെ കാതുകൾകൊണ്ട് ശ്രവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നുവെന്നും അങ്ങനെ നമ്മൾ നമ്മുടെ ദൗത്യവും അവനിലേക്ക് നമ്മെ ആകർഷിക്കുന്ന സ്വരവും പുറപ്പെടുന്ന ക്രിസ്തുവിന്റെ ഹൃദയത്തോട് അടുക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. എല്ലാവരിലേക്കും എത്തുകയും എല്ലാവരെയും തേടുകയും എല്ലാവരെയും സ്വാഗതംചെയ്യുകയും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾക്കൊള്ളിക്കുകയുമാണു പ്രേഷിതദൗത്യത്തിന്റെ ഹൃദയം എന്ന് വെളിവാക്കുന്ന ഒരു സ്വരമാണത് – പാപ്പാ വ്യക്തമാക്കി.