പ്രത്യാശയുടെ സാക്ഷികളാകാൻ ധൈര്യം കാണിക്കൂ: ആഗോള യുവജനദിനത്തിൽ ഫ്രാൻസിസ് പാപ്പ

39-ാമത് ലോക യുവജനദിനത്തിൽ ലോകമെമ്പാടുമുള്ള യുവജനങ്ങളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. പ്രത്യാശയുടെ സാക്ഷികളാകാൻ ധൈര്യം കാണിക്കൂ എന്ന് പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. പോർച്ചുഗലിൽനിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള യുവജനങ്ങളുടെ പ്രതിനിധിസംഘങ്ങളും വത്തിക്കാനിൽ സന്നിഹിതരായിരുന്നു. 2027 ൽ സിയോളിൽ നടക്കുന്ന അടുത്ത ലോക യുവജനസംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ദക്ഷിണ കൊറിയ ആണ്.

ലോക യുവജന ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ വി. പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലി അർപ്പിക്കപ്പെട്ടു. വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ആഗോള യുവജനദിനത്തിന്റെ മുന്നോടിയായി പ്രതീകാത്മകമായി പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ഐക്കണും 1984 ൽ വി. ജോൺ പോൾ മാർപാപ്പ യുവജനങ്ങൾക്കു നൽകിയ കുരിശും കൈമാറി. 2027 ൽ ആഗോള യുവജനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ കൊറിയയിലെ യുവജനങ്ങളാണ് അവ സ്വീകരിച്ചത്.

“കർത്താവിൽ പ്രത്യാശ വയ്ക്കുന്നവർ അക്ഷീണം നടക്കുന്നു” എന്നതാണ് ഈ വർഷത്തെ ആഗോള യുവജന ദിനാചരണത്തിന്റെ പ്രമേയം. ഏശയ്യാ പ്രവാചകന്റെ പുസ്തകം നാൽപതാം അധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെ വാക്യത്തിൽ നിന്നാണ് ഈ പ്രമേയം കടമെടുത്തിരിക്കുന്നത്.

വി. ജോൺ പോൾ രണ്ടാമൻ പാപ്പയാണ് സഭയിൽ യുവജനദിനാചരണം ഏർപ്പെടുത്തിയത്. 1985 ലായിരുന്നു ഇതിന്റെ തുടക്കം. 1986 മുതൽ 2020 വരെ പ്രാദേശികസഭകളിൽ ഈ ആചരണം ഓശാന ഞായറാഴ്ചയായിരുന്നു. 2020 ൽ ഫ്രാൻസിസ് പാപ്പയാണ്, 2021 മുതൽ ഈ ആഘോഷം ക്രിസ്തുരാജന്റെ തിരുനാൾദിനത്തിലായിരിക്കുമെന്നു പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.