വിശുദ്ധർ നമ്മുടെ സുഹൃത്തുക്കളാണെന്നും അവർ അകലങ്ങളിൽ കഴിയുന്ന ഹീറോകളല്ലെന്നും ഫ്രാൻസിസ് മാർപാപ്പ അനുസ്മരിപ്പിച്ചു. സകല വിശുദ്ധരുടെയും ഓർമ്മദിനത്തിൽ, വത്തിക്കാനിലെ പതിവുള്ള ത്രികാലജപ പ്രാർഥനയ്ക്കുശേഷമാണ് മാർപാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.
“വിശുദ്ധർ അകലങ്ങളിൽ കഴിയുന്ന വീരനായകന്മാരല്ല, മറിച്ച് അവർ നമ്മെപ്പോലെയുള്ള ആളുകളാണ്; നമ്മുടെ സുഹൃത്തുക്കൾ. മാമ്മോദീസായിലൂടെ നമുക്ക് ദൈവത്തിൽനിന്നു ലഭിച്ച സമ്മാനമാണ് വിശുദ്ധി. അത് വളരാൻ അനുവദിച്ചാൽ നമ്മുടെ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ സാധിക്കും” – ഫ്രാൻസിസ് പാപ്പ പങ്കുവച്ചു. ഇത്തരത്തിൽ വിശുദ്ധിയിൽ ജീവിച്ചിട്ടുള്ള അനേകരെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടിയിട്ടുണ്ടാകും. ക്രിസ്തീയജീവിതം വളരെ ഗൗരവത്തോടെയും ലാളിത്യത്തോടെയും ജീവിക്കുന്ന വ്യക്തികളെ വിശുദ്ധർ എന്നുവിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്നും മാർപാപ്പ സന്ദേശത്തിൽ കൂട്ടിച്ചേത്തു.
“വിശുദ്ധർ നമുക്ക് വിശ്വസിക്കാൻ കഴിയുന്ന ആത്മാർഥ സുഹൃത്തുക്കളാണ്. കാരണം, അവർ നമ്മുടെ നന്മ ആഗ്രഹിക്കുന്നു. അവരുടെ ജീവിതത്തിൽ നമുക്ക് മാതൃക കണ്ടെത്താനാകും. അവരുടെ പ്രാർഥനകളിൽനിന്ന് നമുക്ക് സഹായവും പിന്തുണയും ലഭിക്കുന്നു. വിശുദ്ധി എന്നത് ഒരു പാതയാണ് പരസ്പരം സഹായിച്ചുകൊണ്ട് ഈ മനോഹരമായ യാത്ര നമ്മുടെ സഹയാത്രികരുമായി മുന്നേറാം” – മാർപാപ്പ ഉദ്ബോധിപ്പിച്ചു.