
പെസഹാ വ്യാഴാഴ്ച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടന്ന വിശുദ്ധ കുർബാനയ്ക്കും, വിശുദ്ധ തൈലവെഞ്ചരിപ്പിനും കർദിനാൾ ഡൊമെനിക്കോ കൽക്കഞ്ഞോ മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി മെത്രാന്മാരും, റോം രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന നിരവധി വൈദികരും വിശുദ്ധ ബലിയിൽ സഹകാർമികത്വം വഹിച്ചു.
സുവിശേഷവായനയ്ക്കുശേഷം, ഫ്രാൻസിസ് പാപ്പായുടെ സന്ദേശം, കർദിനാൾ വായിച്ചു. 1800 ഓളം വൈദികർ വിശുദ്ധ ബലിയിൽ സംബന്ധിച്ചു. ഈ ലോകത്ത് പുരോഹിതരെന്ന നിലയിൽ സഭയ്ക്കും സമൂഹത്തിനും നൽകേണ്ടുന്ന ജീവിതസാക്ഷ്യത്തെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. യേശുവിന്റെ മുറിക്കപ്പെട്ട ശരീരം നമ്മുടേതാണെന്നും, അത് പ്രത്യാശയുടെ സന്ദേശം ഏവർക്കും പ്രദാനം ചെയ്യേണ്ടതുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
പൗരോഹിത്യത്തിന്റെ വാഗ്ദാനങ്ങൾ പുതുക്കുന്ന പെസഹാ വ്യാഴദിനത്തിൽ, നമ്മുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നതിനും, നമ്മിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന പ്രേഷിത ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കിക്കൊണ്ട്, ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ വക്താക്കളായി മാറുന്നതിനും ശ്രദ്ധിക്കണമെന്ന് സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു. ജൂബിലി വർഷത്തിൽ ജനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഒരു അഭയസ്ഥാനം കണ്ടെത്തുവാൻ സാധിക്കണമെന്നും, ഇത് തന്റെ ജനവുമായുള്ള ദൈനംദിന സാമീപ്യത്തിൽ തിരിച്ചറിയപ്പെടണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ മതിലുകൾ മാറ്റിക്കൊണ്ട്, പ്രത്യാശയുടെ വിളംബരമായിത്തീരാൻ ഓരോ പുരോഹിതനും സാധിക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
സമവായവും അംഗീകാരവും തേടി ജീവിക്കുന്നവരാകാതെ, ദരിദ്രരായവരെ ചേർത്തുപിടിച്ചുകൊണ്ട്, സ്നേഹത്തോടുള്ള വിശ്വസ്തതയിൽ ജീവിക്കുവാൻ പുരോഹിതർക്ക് സാധിക്കണമെന്നും, ഇത് ദൈവജനത്തിന്റെ വിശ്വാസപ്രഖ്യാപനത്തിനു ആമേൻ പറയുവാനുള്ള ഉത്തരവാദിത്വം നമ്മെ ഓർമ്മപെടുത്തണമെന്നും സന്ദേശത്തിൽ പാപ്പാ കൂട്ടിച്ചേർത്തു.
ദൈവവചനത്തോടുള്ള യേശുവിന്റെ ഹൃദയാത്മകമായ ബന്ധം, ഓരോ പുരോഹിതരും ജീവിതത്തിൽ ഉൾക്കൊള്ളണമെന്നും, അപ്രകാരം വൈദികർ ദൈവജനത്തിനു ദൈവവചനമായി മാറണമെന്നും, ലൂക്കയുടെ സുവിശേഷം നാലാം അധ്യായം 17 മുതൽ 20 വരെയുള്ള തിരുവചന ഭാഗം ഓർമ്മപ്പെടുത്തിക്കൊണ്ട് പാപ്പാ ആഹ്വാനം ചെയ്തു. യേശുവിന്റെ ആത്മാവാണ് നമ്മുടെ സേവനത്തിൽ നിശബ്ദമായി നായകത്വം വഹിക്കുന്നതെന്നും, ഇത് നമ്മുടെ സേവനം വിജയകരമായി പൂർത്തീകരിക്കുന്നതിന് നമ്മെ സഹായിക്കുന്നുവെന്നും സന്ദേശത്തിൽ പ്രത്യേകം പറയുന്നു.
ഏറെ വേദനകളിലൂടെയും, മുറിവുകളിലൂടെയും, ആശങ്കകളിലൂടെയും കടന്നു പോകുന്ന ഈ ലോകത്തിൽ ക്രിസ്തുവിനോടൊപ്പം സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും, അപ്രകാരം മാനവികതയുടെ വളർച്ചയ്ക്കും പൗരോഹിത്യജീവിതങ്ങൾക്ക് സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി. അവസാനമായി പുരോഹിതർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ദൈവജനത്തെ പാപ്പാ ആഹ്വാനം ചെയ്തു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്