സഹനത്തിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയിലായിരിക്കുന്ന രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യാശയുടെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പ. ക്രൈസ്തവമായ പ്രത്യാശ, സഹനങ്ങളിലായിരിക്കുന്നവർക്ക് പ്രതീക്ഷ പകരുന്നതാണെന്നും ദൈവം അങ്ങനെയുള്ളവർക്ക് സമീപസ്ഥനാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. എല്ലാ വർഷവും ഫെബ്രുവരി പതിനൊന്നിന് ആചരിക്കപ്പെടുന്ന ആഗോള രോഗീദിനത്തിനു മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് ദൈവവിശ്വാസവും അത് നൽകുന്ന പ്രത്യാശയും സംബന്ധിച്ച് പാപ്പ ഏവരെയും ഓർമിപ്പിച്ചത്.
ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിൽ നമുക്ക് ശക്തമായ സംരക്ഷണത്തിന്റെ ശിലയായി നിൽക്കുന്നത് ദൈവമാണെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു. നാം ഒറ്റയ്ക്കല്ലെന്ന വിശ്വാസം ജീവിതത്തിലെ ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ ഉണർത്തണമെന്ന് പാപ്പ ഓർമിപ്പിച്ചു. സഹനത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണെന്നു പറഞ്ഞ പാപ്പ, ദൈവത്തിലാണ് പ്രത്യാശയെന്ന ബോധ്യം നമ്മിൽ നിറയ്ക്കുന്നത് ഇങ്ങനെയുള്ള സഹനത്തിന്റെ നിമിഷങ്ങളാണെന്ന് ഓർമിപ്പിച്ചു. ദൈവത്തിന്റെ വിശ്വസ്തതയോട് ചേർന്ന് വിശ്വസ്തതയിൽ ജീവിക്കുന്നവർക്ക് ദൈവത്തിലുള്ള പ്രത്യാശ ഒരു അനുഗ്രഹമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സഹനത്തിന്റെ ഇടങ്ങൾ പലപ്പോഴും പങ്കുവയ്ക്കലിന്റെ ഇടങ്ങൾ കൂടിയാണെന്നു പറഞ്ഞ പാപ്പ, രോഗികൾക്കരികിലായിരിക്കുമ്പോഴാണ് പലപ്പോഴും നാം പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ഓർമിപ്പിച്ചു. രോഗാവസ്ഥയിലായിരിക്കുന്നവരോട് കാട്ടുന്ന സഹാനുഭൂതിയും സാമീപ്യവും ഇരുകൂട്ടരെയും വിശ്വാസത്തിലേക്കും സ്നേഹത്തിലേക്കും വളർത്തുന്നതാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.
ഈ ജൂബിലിവർഷത്തിൽ സഹനത്തിന്റെയും രോഗങ്ങളുടെയും ഇടയിലായിരിക്കുന്നവർക്ക് പ്രത്യേകം ഇടമുണ്ടെന്ന് ഓർമിപ്പിച്ച പാപ്പ, നിങ്ങളുടെ ഒരുമ ഏവർക്കും പ്രത്യാശയുടെ അടയാളമായി മാറുന്നുണ്ടെന്നും മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും പറഞ്ഞു. ബുദ്ധിമുട്ടുകൾക്കിടയിലും ക്രൈസ്തവവിശ്വാസത്താൽ പ്രേരിതരായി രോഗികൾ നൽകുന്ന സാക്ഷ്യത്തിന് നന്ദിപറഞ്ഞ പാപ്പ, അവർക്ക് തന്റെ പ്രാർഥനകൾ വാഗ്ദാനം ചെയ്തു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്