
2025 ജൂബിലി വർഷം ഔദ്യോഗികമായി ആരംഭിക്കുന്ന ക്രിസ്തുമസ് രാവിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നു. “ഓ ക്രിസ്തുവേ, പ്രഭാതത്തിന്റെ ഉജ്ജ്വലമായ നക്ഷത്രമേ, അനന്തമായ സ്നേഹത്തിന്റെ അവതാരമേ, ലോകത്തിന്റെ ഏക പ്രത്യാശയേ, നിന്റെ പ്രഭയേറിയ തേജസ്സുകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കണമേ” എന്ന് വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങിൽ പാപ്പാ പ്രാർത്ഥിച്ചു.
“കൃപയുടെയും അനുരഞ്ജനത്തിൻ്റെയും ഈ സമയത്ത് ഞങ്ങൾ അങ്ങയുടെ കാരുണ്യത്തിൽ മാത്രം ആശ്രയിക്കുകയും പിതാവിലേക്ക് നയിക്കുന്ന വഴി ഒരിക്കൽ കൂടി കണ്ടെത്തുകയും ചെയ്യാം. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി ഞങ്ങളുടെ ആത്മാക്കളെ തുറക്കുക. അവൻ നമ്മുടെ ഹൃദയത്തിന്റെ കാഠിന്യം മയപ്പെടുത്തട്ടെ. ശത്രുക്കൾ വീണ്ടും പരസ്പരം സംസാരിക്കും. എതിരാളികൾ കൈകോർത്തേക്കാം, ജനങ്ങൾ ഒരുമിച്ച് കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു.” വിശുദ്ധ വാതിൽ തുറക്കുന്നതിനുള്ള ചടങ്ങിൽ പാപ്പ പ്രാർഥിച്ചു.
വിശുദ്ധ വാതിൽ തുറക്കുന്നതിനുള്ള ചടങ്ങിൽ വീൽചെയറിൽ ഇരുന്നു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിലിൽ മുട്ടിയപ്പോൾ സഹായികൾ വാതിലിന്റെ ഇരുവശവും തുറന്നു. ആ സമയം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മണികൾ മുഴങ്ങി. തുടർന്ന് ഫ്രാൻസിസ് പാപ്പ വിശുദ്ധ വാതിലിന് മുൻപിൽ കുറച്ചുനേരം നിശബ്ദമായി പ്രാർത്ഥിച്ചു.
കർദ്ദിനാൾമാർ, ബിഷപ്പുമാർ, വൈദികർ, ക്രിസ്മസ് കുർബാനക്കുള്ള ശുശ്രൂഷകർ, മറ്റ് ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികൾ, അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കത്തോലിക്കർ എന്നിവർ അവരുടെ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത വസ്ത്രം ധരിച്ച് വിശുദ്ധ വാതിലിലൂടെ ബസിലിക്കയിലേക്ക് കടന്നു. തുടർന്ന് ‘പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന ജൂബിലി ഗാനം ഗായകസംഘം ആലപിച്ചു.