
‘ഫ്രാൻസിസ് പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിലെ മെഡിക്കൽ-സർജിക്കൽ വിഭാഗം ഡയറക്ടർ ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ രാത്രി നന്നായി വിശ്രമിക്കുകയും വെള്ളിയാഴ്ച ഉണർന്നെഴുന്നേറ്റ് പ്രാതൽ കഴിക്കുകയും ചെയ്തു.
ആശുപത്രിയിലായതിനാൽ ഫെബ്രുവരി 22 ന് ശനിയാഴ്ചത്തെ ജൂബിലി കൂടിക്കാഴ്ച പാപ്പ റദ്ദാക്കി. ഡീക്കന്മാരുടെ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 23 ന് വത്തിക്കാനിൽ വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ തനിക്കുപകരം മുഖ്യകാർമ്മികത്വം വഹിക്കുന്നതിന് പാപ്പ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലയെ ചുമതലപ്പെടുത്തിയിരിക്കയാണ്.
ശ്വാസനാളവീക്കത്തെ (ബ്രോങ്കൈറ്റിസ്) തുടർന്ന് ഫെബ്രുവരി 14 ന് വെള്ളിയാഴ്ചയാണ് പാപ്പ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി ഫെബ്രുവരി 18 ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്.