ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം 2024 ഒക്ടോബർ 24 ന് പ്രസിദ്ധീകരിക്കും. ‘ഡിലെക്‌സിറ്റ് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു) എന്ന പേരിലുള്ള ഈ സുപ്രധാന ചാക്രികലേഖനം യേശുക്രിസ്തുവിന്റെ ഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെക്കുറിച്ചുള്ളതാണ്. കത്തോലിക്ക സഭയിലെ ഒരു സുപ്രധാനരേഖയായിരിക്കും ഈ ചാക്രികലേഖനം.
പ്രശസ്ത ദൈവശാസ്ത്രജ്ഞൻ ആർച്ച്ബിഷപ്പ് ബ്രൂണോ ഫോർട്ടെയും ഡിസൈപ്പിൾ ഓഫ് ദി ഗോസ്പൽ ജനറൽ ഹെഡ് സിസ്റ്റർ അന്റണെല്ല ഫ്രാക്കാരോയും ചേർന്ന് രേഖ അനാച്ഛാദനം ചെയ്യും. ലുമെൻ ഫെദെയി (2013), ലൗഡാത്തോ സി (2015), ഫ്രത്തെല്ലി തൂത്തി (2020) എന്നിവയുടെ ചുവടുകൾ പിന്തുടർന്ന് ഫ്രാൻസിസ് പാപ്പയുടെ നാലാമത്തെ ചാക്രികലേഖനമാണ് ‘ഡിലെക്‌സിറ്റ് നോസ്.’ ‘വൃത്താകൃതിയിലുള്ളത്’ എന്ന് അർഥം വരുന്ന ‘എൻസൈക്ലിയോസ്’ എന്ന ഗ്രീക്ക് പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ വാക്കാണ് എൻസൈക്ലിക്കൽ. ലോകമെമ്പാടുമുള്ള എല്ലാ ബിഷപ്പുമാരെയും കത്തോലിക്കരെയും അഭിസംബോധന ചെയ്യുന്ന ആധികാരിക കത്തുകളാണ് ഇവ.
ജൂൺ അഞ്ചിന് ഒരു പൊതുസദസ്സിൽവച്ച് തിരുഹൃദയഭക്തിയെക്കുറിച്ച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പ്രഖ്യാപിച്ചിരുന്നു. മൂന്നു നൂറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന ഈശോയുടെ തിരുഹൃദയത്തോടുള്ള പരമ്പരാഗതഭക്തി കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ്. ജ്വലിക്കുന്നതും രക്തമൊലിക്കുന്നതുമായ ഹൃദയമായി പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന തിരുഹൃദയത്തിന്റെ ചിത്രം ക്രിസ്തുവിന്റെ ത്യാഗത്തെ പ്രതിനിധീകരിക്കുന്നു.