അടുത്തുവരുന്ന സിനഡിനായി, വി. പത്രോസിന്റെ ചത്വരത്തിൽ നടത്തുന്ന ജാഗരണപ്രാർഥനയിൽ പങ്കുചേരാൻ സകല ക്രൈസ്തവരോടുമുള്ള അഭ്യർഥന ഫ്രാൻസിസ് പാപ്പാ വീണ്ടും ആവർത്തിച്ചു. ഞായറാഴ്ച മധ്യാഹ്നപ്രാർഥനയ്ക്കുശേഷം നടത്തിയ പ്രഭാഷണത്തിലാണ്, ശനിയാഴ്ച നടത്തുന്ന എക്യുമെനിക്കൽ പ്രാർഥനാജാഗരണത്തിനുള്ള ക്ഷണം പാപ്പാ ആവർത്തിച്ചത്. ഒക്ടോബർ 4 -ന് ആരംഭിക്കുന്ന സിനഡ് സമ്മേളനത്തിന് ഒരുക്കമായാണ് സെപ്റ്റംബർ മുപ്പതാം തീയതി ശനിയാഴ്ച ‘ഒരുമിച്ച്’ എന്ന് പേരിട്ടിരിക്കുന്ന ജാഗരണപ്രാർഥന നടത്തുന്നത്.
40 രാജ്യങ്ങളിൽനിന്ന് ഏകദേശം 3000 യുവജനങ്ങളെയാണ് ജാഗരണപ്രാർഥനയ്ക്ക് പ്രതീക്ഷിക്കുന്നത്. വിവിധ ക്രൈസ്തവപാരമ്പര്യങ്ങളിൽനിന്ന് 12 പ്രതിനിധികളും പ്രാർഥനയിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം ചേരും. അവരിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോ ഒന്നാമനും, കാന്റർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബിയും ഉൾപ്പെടുന്നു.
ജാഗരണപ്രാർഥനയുടെ പ്രധാന ഉദ്ദേശ്യം, സിനഡിനെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിന് സമർപ്പിക്കുകയാണെന്ന് സിനഡ് കാര്യാലയത്തിന്റെ അണ്ടർ സെക്രട്ടറിയായ സി. നത്തലി ബെക്വാർട്ട് പറഞ്ഞു. അതേസമയം പലതരം വിഘടനങ്ങൾ അടയാളപ്പെടുത്തിയ ഈ ലോകത്തിൽ ഐക്യത്തിനും സമാധാനത്തിനുമുള്ള പ്രതിബദ്ധതയും എല്ലാ ക്രൈസ്തവരുടെയും ഐക്യത്തിനായുള്ള പ്രാർഥനയുടെ പ്രാധാന്യവും അത് പ്രകടിപ്പിക്കുമെന്നും അവർ പറഞ്ഞു.