സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ

സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയമെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 27 ന് ബെൽജിയത്തിലെ അധികാരികളുമായും പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ബെൽജിയം എന്ന യൂറോപ്പിന്റെ ഹൃദയമായ രാജ്യത്തിൻറെ പ്രത്യേകതകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ബെൽജിയം സന്ദർശിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും, സമാധാനത്തിനും, സഹകരണത്തിനും, സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയം. ദേശീയവിരുദ്ധത പ്രകടമായിരുന്ന ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. അതിനാൽ ഈ രാജ്യത്തുനിന്നും ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ പുനർനിർമ്മാണം ആരംഭിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണെന്നും പാപ്പാ പറഞ്ഞു.

ബെൽജിയത്തെ അതിനാൽ പല രാജ്യങ്ങൾക്കും ഇടയിൽ മധ്യവർത്തിയായി നിൽക്കുന്ന ഒരു പാലം എന്നാണ് പാപ്പാ ഉപമിച്ചത്. ഓരോരുത്തരും അവരുടെ ഭാഷയും മനോഭാവവും ബോധ്യങ്ങളും ഉപയോഗിച്ച് പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയസംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അനുയോജ്യമായ ദേശമാണ് ബെൽജിയം എന്നതും പാപ്പാ കൂട്ടിച്ചേർത്തു. സ്വന്തം വ്യക്തിത്വം, മറ്റുള്ളവരെ ഉൾക്കൊള്ളുവാനും, പരസ്പരം മൂല്യങ്ങൾ കൈമാറുന്നതിനും ഉതകുന്നതാവണമെന്ന വലിയ പാഠം ഉൾക്കൊള്ളുവാനും ബെൽജിയം സഹായിക്കുന്നതും പാപ്പാ പ്രത്യേകം പറഞ്ഞു.

വാണിജ്യത്തിനുള്ള ഒരു പാലമായും ബെൽജിയം മാറിയെന്നുള്ളതും പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വിവിധ രാജ്യങ്ങൾക്കിടയിലുള്ള ഈ വിപണന കൈമാറ്റം, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംയോജനത്തിനും, സമ്പുഷ്ടതയ്ക്കും വഴിതെളിച്ചുവെന്നും പാപ്പാ അനുസ്മരിച്ചു. സമാധാനത്തെ കെട്ടിപ്പടുക്കുന്നതിനും, യുദ്ധത്തെ നിരാകരിക്കുന്നതിനും ഈ പാലം ഏറെ ഉപകാരപ്രദമാണെന്നും പരിശുദ്ധ പിതാവ് വെളിപ്പെടുത്തി.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.