മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം; പ്രാർഥനയോടെ വിശ്വാസികൾ

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന പാപ്പായ്ക്ക് ഫെബ്രുവരി 22 ശനിയാഴ്ച കൂടുതലായി ഓക്സിജൻ നൽകേണ്ടിവന്നുവെന്നും, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയെന്നും വത്തിക്കാൻ അറിയിച്ചു.

ശനിയാഴ്ച രാവിലെ പാപ്പായ്ക്ക് ആസ്മയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കൂടുതൽ സമയം അനുഭവപ്പെട്ടതിനാൽ, കൂടുതൽ ഓക്സിജനും മറ്റു മരുന്നുകളും നൽകേണ്ടിവന്നുവെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. രക്തത്തിൽ പ്ലേറ്റ്ലെറ്റ്സ് കുറഞ്ഞതിനെത്തുടർന്ന് ഹീമോഗ്ലോബിൻ അളവ് ശരിയായ തോതിൽ നിലനിറുത്തുവാൻ വേണ്ടി, പാപ്പായ്ക്ക് ബ്ലഡ്ട്രാൻസ്ഫ്യൂഷൻ ആവശ്യമായി വന്നുവെന്നും പ്രെസ് ഓഫീസ് വിശദീകരിച്ചു.

രോഗാവസ്ഥയിൽ തുടരുന്ന പാപ്പാ കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും എന്നാൽ അദ്ദേഹം ജാഗരൂഗനായാണിരിക്കുന്നതെന്നും, ബുദ്ധിമുട്ടുണ്ടായിട്ടും ഇന്ന് കസേരയിൽ ഏറെ സമയം ചിലവഴിച്ചുവെന്നും അറിയിച്ച പ്രെസ് ഓഫീസ് പക്ഷെ, പാപ്പായുടെ ആരോഗ്യകാര്യങ്ങൾ എപ്രകാരമായേക്കുമെന്നതിനെക്കുറിച്ച് കൂടുതൽ അനുമാനങ്ങൾ പുറത്തുവിട്ടില്ല.

കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, പാപ്പാ മാരകാവസ്ഥയിലല്ലെന്നും എന്നാൽ അതേസമയം അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും, ഒരാഴ്ചകൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വത്തിക്കാനിലെയും ജെമെല്ലി ആശുപത്രിയിലെയും മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 14 വെള്ളിയാഴ്ചയായിരുന്നു ശ്വാസകോശസംബന്ധമായ കടുത്ത ബുദ്ധിമുട്ടുകൾ മൂലം പാപ്പാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.