ദക്ഷിണ സുഡാനിൽ പുതിയ രൂപതയ്ക്കു രൂപം കൊടുത്ത് ഫ്രാൻസിസ് പാപ്പ

ദക്ഷിണ സുഡാനിൽ പുതിയ കത്തോലിക്കാ രൂപത സ്ഥാപിച്ച് ഫ്രാൻസിസ് പാപ്പ. സുഡാനിൽ പുതിയതായി ബെന്റിയൂ രൂപത സ്ഥാപിച്ച പാപ്പ, അതിന്റെ ബിഷപ്പായി മോൺ. ക്രിസ്റ്റ്യൻ കാർലാസാരെ നിയമിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പ്രസ്താവന ജൂലൈ മൂന്നിനാണ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.

നിലവിൽ സുഡാനിലെ റംബെക് രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിക്കുകയാണ് നിയുക്ത മെത്രാനായ മോൺ. ക്രിസ്റ്റ്യൻ കാർലാസാരെ. പുതിയ ഉത്തരവാദിത്വം ലഭിച്ചുവെങ്കിലും റംബെക് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനം തുടരും. 2004 സെപ്റ്റംബറിൽ വൈദികനായി അഭിഷിക്തനായി തെക്കൻ സുഡാനിലേക്ക് അയയ്ക്കപ്പെട്ട കോംബോണി മിഷനറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് സമൂഹത്തിലെ അംഗമാണ് മോൺ. ക്രിസ്റ്റ്യൻ കാർലാസാരെ. ഇറ്റാലിയൻ വംശജനായ നിയുക്തബിഷപ്പ് തന്റെ ജീവിതകാലം മുഴുവൻ മാലക്കൽ രൂപതയിൽ വൈദികനായി ചെലവഴിച്ചു.

2021 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ റംബെക്കിലെ ബിഷപ്പായി നിയമിച്ചിരുന്നു. 2021 ഏപ്രിൽ 26-ന് അദ്ദേഹത്തിന്റെ രണ്ട് കാലുകളിലും വെടിയേറ്റതിനെ തുടർന്ന് ആ വർഷം പെന്തക്കോസ്ത് ഞായറാഴ്ച നടത്താനിരുന്ന അദ്ദേഹത്തിന്റെ മെത്രാഭിഷേകം അനിശ്ചിതകാലത്തേക്കു മാറ്റിവച്ചിരുന്നു.

മാലക്കൽ രൂപതയിൽനിന്നു വേർതിരിക്കപ്പെട്ട പുതിയ രൂപത ജൂബ അതിരൂപതയുടെ കീഴിലാണ് വരുന്നത്. 37,836 ചതുരശ്ര കിലോമീറ്ററാണ് ഈ രൂപതയുടെ വിസ്തീർണ്ണം. 1,131,886 നിവാസികളാണ് ഇവിടെയുള്ളത്; ഇതിൽ 6,21,643 പേരും കത്തോലിക്ക വിശ്വാസികളാണ്. ഈ ജനസംഖ്യ പ്രദേശത്തെ മൊത്തം ജനസംഖ്യയുടെ 54.92 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.