സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പ

ലത്തീൻ സഭയിൽ നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകല വിശുദ്ധരുടെയും തിരുനാൾ സാഘോഷം കൊണ്ടാടാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദൈവപിതാവിന്റെ അരികിലേക്കുള്ള നമ്മുടെ യാത്രയിൽ സഹായമേകുന്നവരാണ് വിശുദ്ധർ. ഒക്ടോബർ 30 ബുധനാഴ്ച, വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാ സമ്മേളനത്തിൽ നടത്തിയ പ്രഭാഷണമധ്യേയാണ് സകല വിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പാപ്പ പ്രത്യേകം പരാമർശിച്ചത്.

നമുക്കു മുൻപേ സ്വർഗീയമഹത്വത്തിലേക്കു കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓർമയാണ് നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകല വിശുദ്ധരുടെയും തിരുനാളിൽ നാം അനുസ്മരിക്കുന്നത്. ഈയൊരു തിരുനാൾ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വർഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് ഓർമിപ്പിക്കുന്നതെന്നു പറഞ്ഞു.

സ്വർഗീയമഹത്വം എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സ്വർഗത്തിലായിരിക്കുന്ന സകല വിശുദ്ധരും അവരുടെ കൂട്ടായ്മയിലൂടെ നമുക്ക് തുണയേകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പ ഓർമിപ്പിച്ചു. നവംബർ ഒന്നാം തീയതി മധ്യാഹ്നത്തിൽ, മുൻവർഷങ്ങളിലെ പതിവുപോലെ ഇത്തവണയും ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ ത്രികാലജപ പ്രാർഥന നയിക്കും.

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിശുദ്ധരോടുള്ള വണക്കം ആരംഭിച്ചതായാണ് കരുതപ്പെടുന്നത്. നാലാം നൂറ്റാണ്ടോടെയാണ് പൗരസ്ത്യദേശത്ത് സകല വിശുദ്ധരുടെയും തിരുനാൾ ആരംഭിച്ചത്. ഇംഗ്ലണ്ടിലും അയർലണ്ടിലും എട്ടാം നൂറ്റാണ്ടോടെ നവംബർ ഒന്നാം തീയതി ഈ തിരുനാൾ ആചരിച്ചുവന്നു. ഒൻപതാം നൂറ്റാണ്ടോടെയാണ് റോമിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായി ഇതേ ദിനം അംഗീകരിക്കപ്പെട്ടത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.