റോമിലെ തെരുവിൽ ജീവിക്കുന്ന ഗ്യൂസെപ്പിന് തന്റെ ഷൂസ് സമ്മാനിച്ച് ഫ്രാൻസിസ് മാർപാപ്പ

വർഷങ്ങളായി റോമിലെ തെരുവുകളിൽ താമസിക്കുന്ന ഭവനരഹിതനായ ഗ്യൂസെപ്പിന് സ്വന്തം ഷൂസ് നൽകിക്കൊണ്ട് ദരിദ്രരെ കരുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി ലോക ദരിദ്രരുടെ ദിനം മാറിയിരിക്കുകയാണ്. 2017 മുതൽ ഈ ദിനം പ്രത്യേകമായി പ്രഖ്യാപിച്ചതുമുതൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി സംരംഭങ്ങൾ വത്തിക്കാൻ വികസിപ്പിച്ചെടുക്കുകയും നടപ്പിൽവരുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്‌ച, പരിശുദ്ധ പിതാവിന് 42 സൈസ് ഉള്ള ഒരു ജോഡി ഷൂസ് ലഭിച്ചെങ്കിലും മാർപാപ്പ അത് അപ്പസ്തോലിക് അൽമോണേഴ്‌സ് ഓഫീസിലെ ചാരിറ്റി ഫോർ ഡിക്കാസ്റ്ററിയിലേക്ക്, ആവശ്യക്കാർക്കു നൽകാനായി കൊടുത്തിരുന്നു. ലോക ദരിദ്രരുടെ ദിനത്തോടനുബന്ധിച്ച് ഗ്യൂസെപ്പെ, അൽമോണറുടെ ഓഫീസിൽ എത്തുകയും പുതിയ ഷൂസ് ആവശ്യപ്പെടുകയും ചെയ്തു. പാപ്പ സംഭാവന ചെയ്ത ആ ഷൂസ് ഗ്യൂസെപ്പെയ്ക്കു പാകമായി. അങ്ങനെ ലോക ദരിദ്രരുടെ ദിനമായ നവംബർ 17 ഞായറാഴ്ച, ഫ്രാൻസിസ് പാപ്പയുടെ പക്കൽ നിന്നുതന്നെ ഗ്യൂസെപ്പെ ഷൂസ് ഏറ്റുവാങ്ങി. അങ്ങനെ ഇരുവരും കാരുണ്യത്തിന്റെയും ദൈവസ്നേഹത്തിന്റെയും അനർഘനിമിഷങ്ങൾ പങ്കിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.