പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ് പാപ്പായുടെ മംഗോളിയ സന്ദർശനത്തിന്റെ ആദ്യദിനം

പത്തുമണിക്കൂർ നീളുന്ന യാത്രയ്ക്കുശേഷം ആദ്യമായി മംഗോളിയയുടെ മണ്ണിൽ ഫ്രാൻസിസ് പാപ്പാ കാലുകുത്തുമ്പോൾ അവിടെ ഒരു ചരിത്രം പിറക്കുകയായിരുന്നു. വെറും 1500 കത്തോലിക്കർ മാത്രമുള്ള ഒരു ചെറുരാജ്യത്തേക്ക് ആദ്യമായി എത്തുന്ന കത്തോലിക്കാ സഭയുടെ തലവനായി ഫ്രാൻസിസ് പാപ്പാ മാറി. ഒപ്പം ചെറിയ അജഗണത്തിന്റെ നോവുകളിലും നൊമ്പരങ്ങളിലും ഒപ്പമുണ്ടാകുമെന്ന വലിയ പ്രതീക്ഷയുമായാണ് വലിയ ഇടയൻ മംഗോളിയൻ ജനതയുടെ ഇടയിലേക്ക് എത്തിയത്.

സെപ്റ്റംബർ ഒന്ന്, വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 9.52 -ന് ചിംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ മംഗോളിയയിലെ പരമ്പരാഗതചടങ്ങുകളോടെയാണ് സ്വീകരിച്ചത്. മംഗോളിയൻ സ്റ്റേറ്റ് ഹോണർ ഗാർഡ്, ഏഷ്യൻ രാജ്യം സന്ദർശിച്ച ആദ്യത്തെ പോപ്പിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയെ മംഗോളിയയിലേക്ക് ആദ്യമായി സ്വാഗതം ചെയ്തവരിൽ ഒരാളാണ് കർദിനാൾ ജോർജിയോ മാരെങ്കോ. മംഗോളിയയിൽ ഏകദേശം 20 വർഷങ്ങളോളം മിഷനറിയായി സേവനമനുഷ്ഠിച്ച ഇറ്റാലിയൻ കർദിനാളാണ് മാരെങ്കോ. മംഗോളിയയിലെ ഉലാൻബാതറിലെ നിലവിലെ അപ്പോസ്തോലിക് പ്രീഫെക്റ്റും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളുമാണ് അദ്ദേഹം.

മംഗോളിയൻ അപ്പസ്‌തോലിക് പ്രിഫെക്‌ചറിലേക്ക് പോകുന്നതിനുമുമ്പ് മംഗോളിയൻ വിദേശകാര്യ മന്ത്രി ബാറ്റ്‌സെറ്റ്‌സെഗ് ബാറ്റ്‌മുങ്കും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ സന്ദർശനവേളയിൽ, പാപ്പാ താമസിക്കുന്ന അപ്പസ്തോലിക് പ്രിഫെക്ചറിലേക്കുള്ള യാത്രാമധ്യേ വഴിയരികിൽ ധാരാളം കുട്ടികൾ കാത്തുനിന്നിരുന്നു. പാപ്പയ്ക്കായി അവർ പരമ്പരാഗതനൃത്തം അവതരിപ്പിച്ചു. സ്വീകരണത്തിനുശേഷം, ഫ്രാൻസിസ് മാർപാപ്പ തന്റെ ആദ്യദിനം വിശ്രമിക്കുന്നതിനായി മാറ്റിവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.