ഉക്രൈനിലും ഗാസയിലും ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ

ഉക്രൈനിലെ ഏറ്റവും വലിയ ശിശുരോഗാശുപത്രി ഉൾപ്പടെയുള്ള ആരോഗ്യകേന്ദ്രങ്ങളിലും ഗാസയിലെ ഒരുവിദ്യലയത്തിലും നടന്ന മിസൈൽ ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയം ഒരു പത്രക്കുറിപ്പിലൂടെയാണ് ഫ്രാൻസിസ് പാപ്പയുടെ വേദനയും ആശങ്കയും അറിയിച്ചത്.

ആക്രമണങ്ങൾ വർധമാനമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പ അത്യധികം അസ്വസ്ഥനാണെന്നും ആക്രമണത്തിന് ഇരകളായവരോടും മുറിവേറ്റവരോടുമുള്ള തന്റെ സാമീപ്യം പാപ്പ വെളിപ്പെടുത്തുകയും നിലവിലുള്ള സംഘർഷങ്ങൾക്ക് വിരാമമിടുന്നതിനുള്ള മാർഗങ്ങൾ എത്രയും വേഗം കണ്ടെത്താൻ കഴിയുന്നതിനായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഉക്രൈനിൽ അഞ്ചു നഗരങ്ങളിലേക്കായി റഷ്യൻസേന നാല്പതിലേറെ മിസൈലുകളാണ് തൊടുത്തത്. ആക്രമണങ്ങളിൽ 30-ലേറെപ്പേർ മരണമടഞ്ഞു. കീവിൽ കുട്ടികളുടെ ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിൽ ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരധി കുട്ടികളെ കാണാതായിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിൽ നാറ്റോ 9-11 വരെ നീളുന്ന സമ്മേളനം ചേരുന്നതിന്റെ തലേന്നാണ് റഷ്യയുടെ ഈ ആക്രമണം ഉണ്ടായത്.

ഗാസയിൽ അൽ ജവൂനിൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള വിദ്യാലയത്തിനുനേർക്കുണ്ടായ ഇസ്രായേലി ആക്രമണത്തിൽ 16 പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ ഭാഷ്യം. ഈ വിദ്യാലയത്തിനടുത്തുള്ള നുസെയ്റത്ത് അഭയാർഥികേന്ദ്രത്തിലെ ഏഴായിരത്തോളംപേർ ഈ വിദ്യാലയവളപ്പിൽ അഭയം തേടിയിരുന്നു. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പലസ്തീൻകാർ പലായനം ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.