കോർസിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര; പതിവ് തെറ്റിക്കാതെ പാപ്പ മരിയ മജ്ജോറ ബസലിക്കയിൽ

കോർസിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി പതിവ് തെറ്റിക്കാതെ ഫ്രാൻസിസ് പാപ്പ മരിയ മജ്ജോറ ബസലിക്കയിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി എത്തി. ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 14 ന് ആണ് ഔവർ ലേഡി ഓഫ് ജപമാല സാലസ് പോപ്പുലി റൊമാനിയുടെ രൂപത്തിന് മുന്നിൽ പ്രാർഥിച്ചത്.

ഇന്ന് രാവിലെ പ്രാദേശിക സമയം ഒമ്പതു മണിക്ക് വിമാനമിറങ്ങിയതിനുശേഷം കോർസിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ പരിപാടി അജാസിയോയുടെ കോൺഫറൻസ് സെന്ററിലായിരിക്കും നടക്കുന്നത്. അവിടെ അദ്ദേഹം മെഡിറ്ററേനിയൻ മേഖലയിലെ ജനകീയഭക്തിയെക്കുറിച്ച് – ആരാധനാക്രമത്തിനു പുറമെയുള്ള വിശ്വാസത്തിന്റെ പ്രകടനങ്ങൾ – (popular piety) എന്ന കോൺഫറൻസിൽ സമാപനസന്ദേശം നൽകും. തുടർന്ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ മാർപാപ്പ പ്രാദേശിക വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്യും. അവിടെ ആഞ്ചലൂസ് പ്രാർഥനയ്ക്കും പാപ്പ നേതൃത്വം നൽകും.

തുടർന്ന് ഉച്ചഭക്ഷണത്തിനും കുറച്ച് സമയം വിശ്രമത്തിനും ശേഷം ഫ്രാൻസിസ് പാപ്പ നെപ്പോളിയൻ ബോണപാർട്ടിന്റെ ജന്മസ്ഥലത്തെ സ്മരിക്കുന്ന പാർക്കായ പ്ലേസ് ഡി ഓസ്റ്റർലിറ്റ്സിൽ വിശുദ്ധ കുർബാന അർപ്പിക്കും. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടർന്ന് ഏഴുമണിയോടെ ഫ്രാൻസിസ് മാർപാപ്പ റോമിൽ തിരികെയെത്തുമെന്നു പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.