‘ഞങ്ങൾക്ക് ഇത് സാധ്യമാകുമെന്ന് കരുതിയില്ല’ – ഫ്രാൻസിസ് പാപ്പയുടെ ഡോക്ടറിന്റെ വെളിപ്പെടുത്തൽ

“തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടി വന്ന നിർണ്ണായക സമയമായിരുന്നു അത്. ഞങ്ങൾക്ക് ഇത് സാധ്യമാകുമെന്ന് കരുതിയില്ല,” റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസം ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി, പാപ്പയുടെ ചികിത്സയിലെ ഏറ്റവും നിർണായക നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്.

“മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ, പാപ്പയെ മരിക്കാൻ അനുവദിക്കണമോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്ന് തിരഞ്ഞെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു” – ഇറ്റാലിയൻ പത്രമായ ഇൽ കൊറിയർ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ആൽഫിയേരി പറഞ്ഞു. ഫെബ്രുവരി 28-ന് പാപ്പ അനുഭവിച്ച ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനെ ഡോക്ടർമാർ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഡോ. ആൽഫിയേരി പരാമർശിച്ചത് ഇപ്രകാരമായിരുന്നു.

‘പാപ്പയുടെ സമീപത്തുണ്ടായിരുന്ന കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. പാപ്പയുമായി അടുപ്പമുള്ളവരുടെ കണ്ണുകളിൽ ഞാൻ ആദ്യമായി കണ്ണുനീർ കണ്ടു. ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് അവർ ഒരു പിതാവിനെപ്പോലെ, അദ്ദേഹത്തെ ശരിക്കും സ്നേഹിക്കുന്നത് കാണാമായിരുന്നു. പാപ്പയുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളായെന്നും അദ്ദേഹം രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു” – ഡോ. ആൽഫിയേരി വിശദീകരിച്ചു.

“പാപ്പയ്ക്ക് നടത്തിയിരുന്ന ചികിത്സ കാരണം വൃക്കയ്ക്കും അസ്ഥിമജ്ജയ്ക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും, ഞങ്ങൾ നടപടിയെടുക്കാൻ തീരുമാനിച്ചു. ഞങ്ങൾ വിജയിക്കില്ലെന്ന് പോലും ഞങ്ങൾ കരുതി. അത് ഒരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒടുവിൽ, ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിച്ചു. എന്നിരുന്നാലും, സുഖം പ്രാപിച്ചതിനുശേഷം, പാപ്പയുടെ ആരോഗ്യത്തെ സംബന്ധിച്ച് മറ്റൊരു വലിയ ആശങ്കയുടെ നിമിഷം കൂടി അഭിമുഖീകരിക്കേണ്ടി വന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ, പാപ്പ ഛർദ്ദിച്ചു. ഗ്യാസ്ട്രിക് ജ്യൂസ് പാപ്പയുടെ ശ്വാസകോശത്തിൽ പ്രവേശിച്ചു.

“അത് രണ്ടാമത്തെ നിർണായക നിമിഷമായിരുന്നു. കാരണം, ഈ സന്ദർഭങ്ങളിൽ, ഞങ്ങൾ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ, ഇതിനകം തന്നെ തകരാറിലായ ശ്വാസകോശത്തിലെ സങ്കീർണതകൾ വർധിക്കാനും സാധ്യതയുണ്ട്”- ഡോ. ആൽഫിയേരി പറഞ്ഞു.

ഗൗരവമേറിയ സാഹചര്യങ്ങൾ ഉണ്ടായപ്പോഴും പാപ്പയ്ക്ക് പൂർണ്ണമായ ബോധമുണ്ടായിരുന്നു. ആ രാത്രി താൻ അതിജീവിച്ചേക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് പൂർണ്ണമായ അറിവുണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദീകരിച്ചു. ആദ്യ ദിവസം മുതൽ, പാപ്പ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകത്തോട് സത്യം പറയണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പ്രാർഥനയുടെ ശക്തിയും പ്രതിസന്ധികൾക്ക് ശേഷമുള്ള അദ്ഭുതവും

ഡോ. ആൽഫിയേരി പാപ്പയുടെ ശാരീരികവും മാനസികവുമായ അവിശ്വസനീയമായ ശക്തിയെക്കുറിച്ചും വെളിപ്പെടുത്തുന്നു. ശാരീരിക ശക്തിക്ക് പുറമേ, ലോകമെമ്പാടുമുള്ള വിശ്വാസികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രാർഥനകളും അദ്ദേഹത്തിന്റെ രോഗശാന്തിക്ക് കാരണമായതായി ജെമെല്ലി മെഡിക്കൽ കോർഡിനേറ്റർ കൂട്ടിച്ചേർത്തു.

“പ്രാർഥന രോഗികൾക്ക് ശക്തി നൽകും. എല്ലാവരും ഈ സാഹചര്യത്തിൽ പാപ്പയ്ക്കുവേണ്ടി പ്രാർഥിച്ചു. രണ്ടുതവണ വളരെ ഗുരുതരമായ സാഹചര്യം ഉണ്ടായി. എന്നാൽ, ഒരു അദ്‌ഭുതംപോലെ പാപ്പ തിരിച്ചുവന്നു. തീർച്ചയായും, പാപ്പ വളരെ സഹകരണമുള്ള ഒരു രോഗിയായിരുന്നു. ഒരിക്കലും പരാതിപ്പെടാതെ എല്ലാ ചികിത്സകളോടും പാപ്പ സഹകരിച്ചു” – ഡോ. ആൽഫിയേരി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.