ഉക്രൈൻ യുദ്ധവും സമാധാനശ്രമങ്ങളും ഹംഗറി പ്രധാനമന്ത്രിക്കൊപ്പം ചർച്ച ചെയ്‌ത് ഫ്രാൻസിസ് പാപ്പ

ഉക്രൈനിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധം, അത് ഉളവാക്കുന്ന മാനവികപ്രശ്നങ്ങൾ, സമാധാനശ്രമങ്ങൾ, കുടുംബങ്ങളുടെ പ്രാധാന്യം, യുവതലമുറയുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനൊപ്പം ചർച്ച ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ. ഡിസംബർ നാലിന് ഹംഗറി പ്രധാനമന്ത്രിക്ക് വത്തിക്കാനിൽ അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയിലാണ് യൂറോപ്പ് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ പാപ്പ പങ്കുവച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷിബന്ധം ഉയർത്തിക്കാട്ടപ്പെട്ട ചർച്ചയിൽ, ഹംഗറിയിലെ കത്തോലിക്ക സഭ അവിടുത്തെ പൊതുസമൂഹത്തിന്റെ വളർച്ചയ്ക്കും നന്മയ്ക്കുമായി ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടു. നിലവിൽ, യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ നേതൃത്വം വഹിക്കുന്ന ഹംഗറിയുടെ പ്രധാനമന്ത്രിയും കത്തോലിക്കാ സഭാതലവനുമായുള്ള സംഭാഷണമധ്യേ ഉക്രൈൻ ജനതയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന യുദ്ധത്തെക്കുറിച്ചും അത് ഉളവാക്കുന്ന മാനവിക പ്രതിസന്ധികളെക്കുറിച്ചും സമാധാനം പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ട ശ്രമങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

യൂറോപ്പിൽ ഉൾപ്പെടെ കുടുംബങ്ങളുടെ പ്രധാന്യവും അവയുടെ ഉത്തരവാദിത്വങ്ങൾ, യുവതലമുറയുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദിനാൾ പിയെത്രോ പരൊളീനുമായും ഹംഗറി പ്രധാനമന്ത്രി ചർച്ചകൾ നടത്തി. വത്തിക്കാനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ ഉപ സെക്രട്ടറി മോൺസിഞ്ഞോർ മിറോസ്ളാവ് വാഹോവിസ്കിയും ചർച്ചയിൽ സന്നിഹിതനായിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.