കർദിനാൾ ഗിസ്സോത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ

മതാന്തര സംവാദങ്ങൾക്കായുള്ള റോമൻ ഡിക്കാസ്റ്ററി അധ്യക്ഷനും കൊമ്പോണിയൻ കോൺഗ്രിഗേഷൻ അംഗവുമായിരുന്ന കർദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ സമൂഹാംഗങ്ങൾക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നവർക്കും തന്റെ അനുശോചനങ്ങൾ അറിയിച്ച് ഫ്രാൻസിസ് പാപ്പ ടെലെഗ്രാം സന്ദേശമയച്ചു. സുവിശേഷത്തിനും സഭയ്ക്കുമായി മാതൃകാപരമായി സേവനമനുഷ്‌ഠിച്ച വ്യക്തിയായിരുന്നു കർദിനാൾ ഗിസ്സോത്തെ എന്ന് ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശത്തിൽ എഴുതി.

ഈജിപ്തിലും സുഡാനിലും മിഷനറി സേവനമനുഷ്ഠിച്ച കർദിനാൾ ഗിസ്സോത്ത്, റോമിൽ അറബ്, ഇസ്ലാം മതവിശ്വാസം എന്നിവയ്ക്കായുള്ള പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായും പിന്നീട് മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയിലും നിരവധി വർഷങ്ങൾ മാതൃകാപരമായ സേവനമനുഷ്‌ഠിച്ചുവെന്ന് കൊമ്പോണിയൻ സമൂഹത്തിന്റെ വികാരി ജനറാൾ ഫാ. ദാവീദ്‌ കോസ്‌ത ദൊമിംഗെസിനയച്ചഎം സന്ദേശത്തിൽ പാപ്പ രേഖപ്പെടുത്തി.

ജനതകളും മതങ്ങളും തമ്മിലുള്ള സാഹോദര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സൗമ്യതയോടും ജ്ഞാനത്തോടും കൂടി ദൈവസ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അദ്ദേഹം ജീവിച്ചതെന്ന് പാപ്പ അനുസ്മരിച്ചു.

ദീർഘനാളുകളായുള്ള രോഗത്തെ തുടർന്ന് നവംബർ 25 തിങ്കളാഴ്ചയാണ് കർദിനാൾ മിഗെൽ ആംഹെൽ അയൂസോ ഗിസ്സോത്ത് റോമിലെ ജെമെല്ലി ആശുപത്രിയിൽവച്ച് നിര്യാതനായത്. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. കർദിനാൾ ഗിസ്സോത്തിന്റെ മൃതസംസ്കാര ചടങ്ങുകൾ നവംബർ 27 ബുധനാഴ്ച വത്തിക്കാനിലെ വി. പത്രോസിന്റെ ബസലിക്കയിൽവച്ചു നടന്നു. കർദിനാൾസംഘത്തിന്റെ ഡീൻ കർദിനാൾ ജ്യോവാന്നി ബത്തിസ്ത്ത റേ ആയിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മൃതസംസ്കാര ചടങ്ങുകളുടെ അവസാനഭാഗം ഫ്രാൻസിസ് പാപ്പയാണ് നടത്തിയത്.

കർദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ ഈജിപ്തിലെ അൽ അഷറിലെ വലിയ ഇമാം, അഹമ്മദ് അത് തയ്യിബ് ഉൾപ്പെടെ നിരവധി പേർ കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പയ്ക്ക് അനുശോചനസന്ദേശം അയച്ചിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

 

news

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.