ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിൽ എത്തിചേർന്നു

റോമിൽ നിന്നും രണ്ട് മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ശേഷം പ്രാദേശിക സമയം പത്തുമണിക്ക് ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിൽ എത്തിചേർന്നു. ലക്സംബർഗ്-ഫിൻഡൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാപ്പായെ ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി, ലക്സംബർഗിലെ ഗ്രാൻഡ് ഡച്ചസ് മരിയ തെരേസ, പ്രധാനമന്ത്രി ലൂക്ക് ഫ്രീഡൻ, രണ്ട് യുവജന പ്രതിനിധികൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

ഗാർഡ് ഓഫ് ഓണറിനു ശേഷം ലക്സംബർഗ് ഗ്രാൻഡ് ഡ്യൂക്കിനെ സന്ദർശിക്കാനായി യാത്രയാരംഭിച്ചു. പരിശുദ്ധ പിതാവ് പതിവുപോലെ വിമാനത്തിൽ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തില്ല. സാധാരണ വിമാനത്തിൽ നടന്നു കൊണ്ട് ഓരോ മാധ്യമ പ്രവർത്തകനെയും അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം “ഞാൻ ഇവിടെയിരുന്നുകൊണ്ട് നിങ്ങളെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു” എന്നാണു പറഞ്ഞത്. ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ചെയ്തത് അദ്ദേഹത്തിന്റെ അനാരോഗ്യം പരിഗണിച്ചല്ല, മറിച്ച് വിമാനയാത്രയുടെ ദൈർഘ്യം വളരെ കുറവായതിനാലും സമയമില്ലാത്തതിനാലും ആണെന്ന് പരിശുദ്ധ സിംഹാസനത്തിൻ്റെ ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി വിശദീകരിച്ചു.

സെപ്തംബർ 23, തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പ അനാരോഗ്യം മൂലം കൂടിക്കാഴ്ചകൾ റദ്ദാക്കിയിരുന്നെങ്കിലും ബുധാഴ്ച പൊതു സദസ്സിനു മുൻപിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരോഗ്യവാനായി കാണപ്പെട്ടിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.