മൂന്നുപേരുടെ വിശുദ്ധപദവിക്ക് അംഗീകാരം നൽകി ഫ്രാൻസിസ് പാപ്പ

പാപ്പുവ ന്യൂ ഗിനിയയിലെ വാഴ്ത്തപ്പെട്ട പീറ്റർ ടു റോട്ട്, തുർക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്നേഷ്യസ് ഷൗക്രല്ല മലോയാൻ, വെനിസ്വേലയിലെ വാഴ്ത്തപ്പെട്ട മരിയ കാർമെൻ എന്നിവരുടെ വിശുദ്ധ പദവിക്ക് മാർപാപ്പ അംഗീകാരം നൽകി. മാർച്ച് 28-ന് വത്തിക്കാന്റെ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രഖ്യാപിച്ച ഡിക്രീകൾക്കാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.

ഇറ്റാലിയൻ രൂപതാ പുരോഹിതനായ കാർമെലോ ഡി പാൽമയുടെ വാഴ്ത്തപ്പെട്ട പദവിക്കും പാപ്പ അംഗീകാരം നൽകി. ബ്രസീലിയൻ പുരോഹിതനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയുടെ ധന്യ പദവിയും പാപ്പ അംഗീകരിച്ചു. വാഴ്ത്തപ്പെട്ട പീറ്റർ ടു റോട്ട്, തുർക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്നേഷ്യസ് ഷൗക്രല്ല, വാഴ്ത്തപ്പെട്ട മരിയ കാർമെൻ എന്നിവരുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾ ഏതുദിവസം നടത്തപ്പെടും എന്നതിനെക്കുറിച്ച് പതിവ് കൺസിസ്റ്ററിയിൽ ചർച്ച ചെയ്യുമെന്ന് ചർച്ച ചെയ്യുമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.

1912 മാർച്ച് അഞ്ചിന് ജനിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു അൽമായനും മതബോധന അദ്ധ്യാപകനുമാണ് പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള ടു റോട്ട്. ടു റോട്ട് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധനാകും അദ്ദേഹം. 1995 ജനുവരി 17 ന് ഓഷ്യാനിയയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്കിടെ വി. ജോൺ പോൾ രണ്ടാമനാണ് ടു റോട്ടിനെ വാഴത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ക്രിസ്ത്യൻ വിവാഹത്തിന്റെ സംരക്ഷകനായും ജയിലിൽ മരിക്കുന്നതുവരെ തന്റെ ശുശ്രൂഷ തുടർന്ന വിശ്വസ്ത മതബോധന പണ്ഡിതനായും അദ്ദേഹത്തെ സഭ അംഗീകരിക്കുന്നു.

1869 ഏപ്രിൽ 19 ന് ജനിച്ച മലോയാൻ, ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 1915 ൽ തുർക്കിയിൽ രക്തസാക്ഷിയായി മരിച്ചു. 2001 ഒക്ടോബർ ഏഴിന് വി. ജോൺ പോൾ രണ്ടാമൻ മറ്റ് ആറ് ദൈവദാസന്മാരോടൊപ്പം അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

1883 ൽ ലെബനനിൽ പട്ടം സ്വീകരിച്ച മലോയാൻ, തിരുവെഴുത്തുകളെക്കുറിച്ചുള്ള ആഴമായ അറിവുള്ള ബുദ്ധിമാനും മാതൃകായോഗ്യനുമായ ഒരു പുരോഹിതനായി അറിയപ്പെട്ടു. പിന്നീട് 1911 ൽ റോമിൽ നടന്ന അർമേനിയൻ ബിഷപ്പുമാരുടെ സിനഡിൽ അദ്ദേഹം മാർഡിനിലെ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് അർമേനിയക്കാർക്കെതിരായ വലിയ പീഡനത്തെത്തുടർന്ന്, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് 1915 ജൂണിൽ തുർക്കി ഉദ്യോഗസ്ഥർ മറ്റ് പുരോഹിതന്മാരോടൊപ്പം ഫാ. മലോയാനെയും വധിച്ചു.

വാഴ്ത്തപ്പെട്ട മരിയ കാർമെന്റെ (നീ കാർമെൻ എലീന റെൻഡിൽസ് മാർട്ടിനെസ്) വിശുദ്ധ പദവി അംഗീകരിച്ചതോടെ അവർ വെനിസ്വേലയിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും. ഇഡിയൊപാത്തിക് ട്രൈവെൻട്രിക്കുലാർ ഹൈഡ്രോസെഫാലസ് ബാധിച്ച ഒരു സ്ത്രീയുടെ രോഗശാന്തി പരിശുദ്ധ പിതാവ് അംഗീകരിച്ചതാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് കാരണമായ അദ്‌ഭുതം. 1903 ഓഗസ്റ്റ് 11 ന് രാജ്യത്തിന്റെ തലസ്ഥാനമായ കാരക്കാസിൽ ജനിച്ച അവർ 1927 ൽ വാഴ്ത്തപ്പെട്ട സാക്രമെന്റിന്റെ യേശുവിന്റെ സേവകരുടെ സഭയുടെ ഒരു സന്യാസിനിയായി. പിന്നീട് 1946 ൽ വെനിസ്വേലയിലെ യേശുവിന്റെ സേവകരുടെ സഭയുടെ സ്ഥാപകരിലൊരാളായി. സ്കൂളുകളിലും ഇടവകകളിലും കത്തോലിക്കാ വിശ്വാസികളെ സേവിച്ച വാഴ്ത്തപ്പെട്ട മരിയ കാർമെൻ ദിവ്യകാരുണ്യത്തിൽ യേശുവിനോടുള്ള സ്നേഹത്തിന് പേരുകേട്ടവളായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.