സുവിശേഷമൂല്യങ്ങളും സാഹോദര്യവും ഐക്യവും ജീവിക്കുക: ലക്സംബർഗിൽ പാപ്പാ

സുവിശേഷമൂല്യങ്ങൾ ജീവിക്കുക, യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഐക്യത്തിലും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും മാതൃകയായി തുടരുക എന്നീ ആഹ്വാനങ്ങൾ മുന്നോട്ടുവച്ച് ലക്സംബർഗിൽ ഫ്രാൻസിസ് പാപ്പാ. നാല്പത്തിയാറാം അപ്പസ്തോലികയാത്രയുടെ ഭാഗമായി സെപ്റ്റംബർ 26 ന് ലക്സംബർഗിലെത്തിയ ഫ്രാൻസിസ് പാപ്പാ, സാമൂഹ്യ, രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇപ്രകാരം പറഞ്ഞത്.

ലക്സംബർഗിലെ രാജാവും പ്രധാനമന്ത്രിയും സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര വിഭാഗങ്ങളിലുള്ള വ്യക്തികളും ഉൾപ്പെട്ട സദസ്സിൽ, തനിക്ക് നൽകപ്പെട്ട സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ വിവിധ ഭാഷാ, സംസ്കാരങ്ങളുടെ അതിർവരമ്പായി നിൽക്കുന്ന ലക്സംബർഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ടെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, രണ്ടു വട്ടം കൈയേറ്റത്തിന്റെയും, പിടിച്ചടക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളിലൂടെയും ഈ രാജ്യം കടന്നുപോയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഒരുമയും ഐക്യവുമുള്ള, ഓരോ രാജ്യങ്ങൾക്കും തങ്ങളുടേതായ ചുമതലയുള്ള, ഒരു യൂറോപ്പിനെ പണിതുയർത്തുന്നതിൽ ലക്സംബർഗ് തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. സംഘട്ടനങ്ങളുടെയും അക്രമാസക്തമായ എതിർപ്പുകളുടെയും യുക്തി പ്രബലമാകുമ്പോൾ, അതിർത്തിപ്രദേശങ്ങളിലുള്ള ഇടങ്ങളിൽ അവ കൂടുതലായി അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഇടങ്ങൾ വീണ്ടും വിവേകപൂർണ്ണമായ വഴികൾ കണ്ടെത്തുകയും സഹകരണമനോഭാവത്തിലേക്ക് കടന്നുവരികയും ചെയ്യുമ്പോൾ സമാധാനത്തിന്റെ ഒരു പുതുയുഗം ജീവിക്കാൻ ഏറ്റവും യോജ്യമായ സ്ഥലങ്ങളായി മാറും.

യൂറോപ്യൻ യൂണിയന്റെ സ്ഥാപകരാജ്യങ്ങളിൽ ഒന്നായ ലക്സംബർഗിന്റെ കാര്യത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ലെന്നും, യൂറോപ്യൻ യൂണിയന്റെ നീതിന്യായകോടതി, നിക്ഷേപബാങ്ക് തുടങ്ങി, നിരവധി യൂറോപ്യൻ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി ഇത് മാറിയിട്ടുണ്ടെന്നും പാപ്പാ എടുത്തുപറഞ്ഞു.

എല്ലാവരും ഒരു സുസ്ഥിരപുരോഗതിയുടെ സൃഷ്ടാക്കളും പങ്കുകാരുമാകാൻവേണ്ടി, ജനതകൾ തമ്മിലുള്ള ശക്തമായ ബന്ധം വളർന്നുവരട്ടെയെന്ന ആശംസ താൻ അവർത്തിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇത്തരമൊരു പുരോഗതി പ്രാപിക്കാൻ വേണ്ട മാർഗ്ഗങ്ങൾ സഭയുടെ സാമൂഹ്യശാസ്ത്രപരമായ പ്രമാണങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഈയൊരു ഉദ്ബോധനത്തിൽ, സൃഷ്ടിയുടെ പരിപാലനം, സാഹോദര്യം എന്നീ ചിന്തകൾ ചേർത്തുകൊണ്ട് താനും പങ്കുചേർന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വികസനം ആധികാരികവും പൂർണ്ണവുമാകണമെങ്കിൽ, നമ്മുടെ പൊതുഭവനമായ ഭൂമിയെ കൊള്ളയടിക്കുകയോ തകർക്കുകയോ, ഏതെങ്കിലും ജനതകളെയോ സമൂഹങ്ങളെയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സമ്പത്ത് ഒരു ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ അവഗണിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്നും, അവരെ ദാരിദ്ര്യാവസ്ഥയിൽനിന്ന് കരകയറാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

ദൈവമാതാവും പീഡിതരുടെ ആശ്വാസവും, ലക്സംബർഗിന്റെ പ്രത്യേക മധ്യസ്ഥയുമായ പരിശുദ്ധ മറിയം രാജ്യത്തെ സംരക്ഷിക്കുകയും, സമാധാനവും എല്ലാ നന്മയും യേശുവിൽനിന്ന് വാങ്ങിത്തരികയും ചെയ്യട്ടെയെന്ന ആശംസയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.