യുദ്ധോപകരണങ്ങളുടെ നിർമാണ, വ്യവസായരംഗങ്ങളിൽ സാമ്പത്തികലക്ഷ്യം മാത്രം മുൻനിറുത്തി നേട്ടം കൊയ്യുന്നവർക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പ. മരണംകൊണ്ട് നേട്ടം കൊയ്യുന്നവരാണ് ഇത്തരത്തിലുള്ളവരെന്ന് പാപ്പ കുറ്റപ്പെടുത്തി. ആയുധനിർമാണരംഗത്തുള്ള ധനനിക്ഷേപത്തിന്റെ തോത് ഭയാനകരമാണെന്ന് പാപ്പ പ്രസ്താവിച്ചു. ഒക്ടോബർ 23 ന് പൊതുകൂടിക്കാഴ്ച വേളയിലാണ് യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ആയുധനിർമാണത്തിനെതിരെ പാപ്പ സ്വരമുയർത്തിയത്.
റഷ്യ – ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഉക്രൈനിൽ മരണമടഞ്ഞവരുടെ കണക്കുകൾ തനിക്ക് ലഭിച്ചുവെന്നു പറഞ്ഞ പാപ്പ, അത് അതിഭയാനകമാണെന്നു പ്രസ്താവിച്ചു. യുദ്ധം ഒരിക്കലും ആരെയും വെറുതെ വിടുന്നില്ലെന്നും ആരംഭത്തിൽത്തന്നെ അതൊരു പരാജയമാണെന്നും പാപ്പ ഓർമിപ്പിച്ചു. ദൈവം ഏവർക്കും സമാധാനം നൽകാൻവേണ്ടി പ്രാർഥിക്കാമെന്ന് പാപ്പ പറഞ്ഞു.
പാലസ്തീൻ – ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് പാലസ്തീൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പരാമർശിച്ച പാപ്പ, അവിടെ നടക്കുന്നത് മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണെന്ന് അപലപിച്ചു. എന്നാൽ, അതേസമയം ഇസ്രയേലിനെയും മ്യാന്മാറിനെയും യുദ്ധങ്ങളിലായിരിക്കുന്ന എല്ലാ രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്നും പാപ്പ കൂട്ടിച്ചേർത്തു. സമാധാനത്തിനായി പ്രാർഥിക്കാൻ പാപ്പ ഏവരോടും ആഹ്വാനം ചെയ്തു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്