ഫ്രാൻസിസ് പാപ്പയുടെ 59-ാ മത് ആഗോളസമൂഹ മാധ്യമദിന സന്ദേശം

മാധ്യമപ്രവർത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ തിരുനാൾ ദിനമായ ജനുവരി 22 ന്, 59-ാ മത് ആഗോളസമൂഹ മാധ്യമദിന സന്ദേശം പ്രസിദ്ധീകരിച്ചു. ആശയവിനിമയ മാർഗങ്ങളും ചിന്തകളും മനുഷ്യകുലത്തിനു പ്രത്യാശ പകരുന്നതാകണമെന്ന് ജൂബിലി വർഷത്തിന്റെ പ്രാധാന്യത്തെ അനുസ്മരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

നിസ്സംഗത, അവിശ്വാസം, വിദ്വേഷം എന്നിങ്ങനെയുള്ള തിന്മകൾ നിറയുന്ന ഒരു ലോകത്തിൽ, നന്മയുടെ അന്വേഷണത്തെ ത്വരിതപ്പെടുത്തുന്നതും ഹൃദയത്തെ വിശാലമാക്കിക്കൊണ്ട്, സാഹോദര്യം ഉറപ്പുവരുത്തുന്നതുമായ ഒരു മാനവികത സൃഷ്ടിക്കുന്നതാണ് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നു ഫ്രാൻസിസ് പാപ്പ പറഞ്ഞു. ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർഥാടകരാകാൻ വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക്, മറ്റുള്ളവരുടെ ജീവിതത്തിൽ മറഞ്ഞിരിക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ ജ്വലിപ്പിക്കുവാനുള്ള കടമയെയും പാപ്പ ഓർമപ്പെടുത്തുന്നു.

“ഭയവും നിരാശയും മുൻവിധിയും നീരസവും  മതഭ്രാന്തും വിദ്വേഷവും സൃഷ്ടിച്ചുകൊണ്ട്, മാനവികതയെ മുറിവേൽപ്പിക്കുന്ന ഒരു മാധ്യമപ്രവർത്തനം ഇന്ന് നിലനിൽക്കുന്നു. യാഥാർഥ്യത്തെ ലളിതമാക്കിക്കൊണ്ട് പ്രകോപനത്തിന്റെയും വെറുപ്പിന്റെയും കഥകൾ പറയുന്ന വികലവും മിഥ്യാജനകവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമപരിപാടികളിന്മേൽ ജഗ്രത പുലർത്തണമെന്നും പാപ്പ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

ആശങ്കാജനകമായ പ്രതിഭാസങ്ങളാൽ അടയാളപ്പെടുത്തിയ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, ഹൃദയാത്മകമായ ഒരു സംഭാഷണത്തിനാണ് പാപ്പ ആഹ്വാനം ചെയ്യുന്നത്. സാഹോദര്യം ഉറപ്പുവരുത്തുന്ന പ്രത്യാശയുടെ ആശയവിനിമയം സാധ്യമാക്കണമെന്നും അടച്ചുപൂട്ടലിന്റെയും കോപത്തിന്റെയും വികാരഭരിതമായ പ്രതികരണങ്ങൾക്ക് പകരം, തുറന്ന മനോഭാവത്തിന്റെയും സൗഹൃദത്തിന്റെയും മനോഭാവങ്ങൾ പ്രോത്‌സാഹിപ്പിക്കണമെന്നും മാധ്യമപ്രവർത്തകരെ പാപ്പ പ്രത്യേകം ഓർമിപ്പിക്കുന്നു.

ക്രിസ്തീയ ആശയവിനിമയത്തിന്റെ മൂന്ന് പ്രധാന സന്ദേശങ്ങളും വിശുദ്ധ പത്രോസ് അപ്പസ്തോലന്റെ വാക്കുകൾ ഓർമപെടുത്തിക്കൊണ്ട് പാപ്പ അടിവരയിട്ടുപറഞ്ഞു. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും, നന്മയുടെ നുറുങ്ങുവെട്ടം കണ്ടെത്തുക, ദൈവസ്നേഹത്തിന്റെയും അതിന്റെ പുതുമയുടെയും സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് മനസിലാക്കുക, സൗമ്യമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് അറിയുക എന്നിവയാണ് ആ മൂന്നു സന്ദേശങ്ങൾ.

മിഥ്യാധാരണകളോ, ഭയങ്ങളോ ജനിപ്പിക്കാതെ പ്രത്യാശയുടെ അനുഭവങ്ങൾ നൽകാൻ കഴിയുന്ന ഒരു ആശയവിനിമയത്തെക്കുറിച്ച് താൻ സ്വപ്നം കാണുന്നു. പ്രത്യാശയുടെയും നന്മയുടെയും കഥകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, സമൂഹത്തിലെ അധ:സ്ഥിതവിഭാഗത്തിന്റെ നിലവിളി കേൾക്കുവാനും മാധ്യമപ്രവർത്തകരെ പാപ്പ ക്ഷണിക്കുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.