ആഗോള യുവജനദിനത്തിന്റെ യാത്രയ്ക്കു മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ റോമിലെ മേരി മേജർ ബസലിക്കയിൽ പതിവുപോലെ പ്രാർഥിക്കാനെത്തി. തന്റെ സന്ദർശനത്തെയും ലോക യുവജനദിനത്തിൽ പങ്കെടുക്കുന്നവരെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുകയും ചെയ്തു. പോർച്ചുഗലിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു മുമ്പായി ജൂലൈ 31-നാണ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിനു മുൻപിൽ പ്രാർഥന നടത്തിയതെന്ന് ഹോളി സീ പ്രസ് അറിയിച്ചു.
ബ്രസീലിലെ റിയോ ഡി ജനീറോ (2013), പോളണ്ടിലെ ക്രാക്കോവ് (2016), പനാമ (2019) എന്നിവിടങ്ങളിൽ നടന്ന ലോക യുവജനദിനങ്ങൾക്കുശേഷം നാലാം തവണയാണ് ഫ്രാൻസിസ് മാർപാപ്പ ആഗോള യുവജനദിനത്തിൽ അധ്യക്ഷത വഹിക്കുന്നത്.
38-ാമത് ലോക യുവജനദിനം 2022-ൽ പോർച്ചുഗീസ് തലസ്ഥാനത്തു നടത്താമെന്നു നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി മൂലമുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥ കാരണം മാറ്റിവച്ചിരുന്നു. 2023-ലെ ആഗോള യുവജനദിനം പോർച്ചുഗലിലെ ലിസ്ബണിലാണ് നടക്കുന്നത്.