അന്തരിച്ച ഇന്ത്യൻ കർദിനാളിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

റാഞ്ചിയിലെ മുൻ ആർച്ചുബിഷപ്പും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ പ്രസിഡന്റുമായിരുന്ന കർദിനാൾ ടെലിസ്‌ഫോർ ടോപ്പോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ഒക്ടോബർ നാലിന് മരണമടഞ്ഞ കർദ്ദിനാൾ ടോപ്പോയുടെ വേർപാടിലുള്ള ദുഃഖം മാർപാപ്പ പങ്കുവച്ചത്.

സുവിശേഷം പ്രചരിപ്പിക്കുന്നതിൽ കർദിനാൾ ടോപ്പോ പുലർത്തിയ തീക്ഷ്ണതയെയും പരിശുദ്ധ കുർബാനയോടുള്ള ഭക്തിയെയും ആവശ്യത്തിലിരിക്കുന്നവർക്കും ദരിദ്രർക്കുംവേണ്ടിയുള്ള ഉദാരമായ അജപാലനശുശ്രൂഷകളെയും മാർപാപ്പ തന്റെ സന്ദേശത്തിൽ പ്രത്യേകം അനുസ്മരിച്ചിരുന്നു. “ഡുംകയിലെയും റാഞ്ചിയിലെയും പ്രാദേശികസഭകൾക്കും അതുപോലെതന്നെ ഭാരതസഭയ്ക്കും അപ്പസ്‌തോലിക സിംഹാസനത്തിനും അദ്ദേഹം നൽകിയ സംഭാവനകളും ശ്രദ്ധേയമാണ്” – ഫ്രാൻസിസ് പാപ്പ പങ്കുവച്ചു.

1939 മെയ് എട്ടിന് പൗരോഹിത്യം സ്വീകരിച്ച ടോപ്പോ, 1978 മുതൽ 1984 വരെ ദുംക ബിഷപ്പായിരുന്നു. 1985 -ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ റാഞ്ചി ആർച്ചുബിഷപ്പായി ഉയർത്തിയത്. 2004-2008 കാലയളവിൽ സി.ബി.സി.ഐ പ്രസിഡന്റായിരുന്ന ഇദ്ദേഹത്തെ 2003 ഒക്ടോബർ 21 -ന് ജോൺ പോൾ രണ്ടാമൻ പാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. 2018 -ലാണ് ടോപ്പോ വിരമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.