വെനീസിനടുത്തു നടന്ന ടൂറിസ്റ്റ് ബസ് അപകടം: ഇരകളായവർക്ക് സാന്ത്വനമറിയിച്ച് പാപ്പാ

വെനീസിനടുത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ആത്മീയസാന്ത്വനം പകർന്ന് ഫ്രാൻസിസ് പാപ്പാ. ചൊവ്വാഴ്ച രാത്രി മെസ്ത്രേയിൽ നടന്ന അപകടത്തിൽ 21 പേരുടെ ജീവൻ നഷ്ടമായി. മരിച്ചവരിൽ ഒരാളൊഴികെ എല്ലാവരും വിദേശപൗരന്മാരാണ്.

വെനീസിലെ പാത്രിയാർക്കീസ് ഫ്രാൻചെസ്കോ മൊറാലിയയ്ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ടയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ ദുഃഖം അറിയിച്ചത്. ‘ഇത്രയും ദാരുണമായി മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് തന്റെ വാത്സല്യപൂർണ്ണമായ സാമീപ്യം’ നൽകണമെന്ന് പാപ്പാ പാത്രിയാർക്കീസിനോട് അഭ്യർഥിക്കുകയും സഹിക്കുന്ന അവർക്ക് തന്റെ പ്രത്യേക പ്രാർഥന ഉറപ്പുനൽകുകയും ചെയ്തു.

ദുഃഖിതരായ കുടുംബങ്ങളെ ആശ്ലേഷിക്കാൻ ദൈവത്തിന്റെ സമാശ്വാസത്തിനായി ഫ്രാൻസിസ് പാപ്പാ പ്രാർഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു. ഹൃദയഭേദകമായ ഈ ദുരന്തത്തിലകപ്പെട്ട എല്ലാവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം അർപ്പിച്ചുകൊണ്ടാണ് പാപ്പാ ടെലിഗ്രാമിലൂടെ അയച്ച അനുശോചനസന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.