നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാൻസിസ് പാപ്പ

അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ. റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കാതെയും മോശമായി സംസാരിക്കാതെയും എളിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിന് ആനുപാതികമായിട്ടാണെന്നും കർത്താവിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ കാതലായ ഘടകമാണ് ഈ എളിമയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സഭയിൽ നാമെല്ലാവരും അനുഗ്രഹത്തിൻറെ ശില്പികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, ദൈവം നമ്മെ ശപിക്കുകയല്ല മറിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തതെന്ന് വചനത്തിന്റെ മനുഷ്യാവതാര രഹസ്യം കാണിച്ചു തരുന്നതിന്റെ വെളിച്ചത്തിൽ, ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.