സമർപ്പിതരോട് പ്രകാശവാഹകരാകാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ആധുനികലോകം നേരിടുന്ന വെല്ലുവിളികൾക്കിടയിലും സമർപ്പിതജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീപുരുഷന്മാരോട് പ്രകാശവാഹകരാകാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ആഗോള സമർപ്പിതദിനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമർപ്പിതർക്കായി നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“സുവിശേഷോപദേശങ്ങളുടെ വിശ്വസ്തസാക്ഷ്യത്തിലൂടെ നിങ്ങൾ ലോകത്തിൽ പ്രകാശവാഹകരായി മാറണം” – മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. സുവിശേഷദാരിദ്ര്യം സമർപ്പിതരെ എങ്ങനെ ലൗകികബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കുന്നുവെന്നും ലാളിത്യവും ഔദാര്യവും പങ്കുവയ്ക്കലും ഐക്യദാർഢ്യവും ഉൾക്കൊണ്ട് ജീവിച്ചുകൊണ്ട് മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായിമാറാൻ എങ്ങനെ പ്രാപ്തരാകുന്നുവെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ത്രിത്വത്തിൽ വേരൂന്നിയ സമർപ്പിതരുടെ പവിത്രത ലോകത്തിന് ശക്തമായ സാക്ഷ്യം നൽകുന്നുവെന്നും പക്വവും സന്തോഷകരവുമായ ബന്ധത്തിന് കഴിവുള്ള സമർപ്പിതരായ സ്ത്രീപുരുഷന്മാരെ കണ്ടുമുട്ടുന്നത് ആത്മാവിന് എന്തൊരു സുഗന്ധമാണെന്നും മാർപാപ്പ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.