ബുധനാഴ്ചത്തെ പൊതു സദസ്സിന്റെ അവസാനം, ഫ്രാൻസിസ് മാർപാപ്പ സിറിയയിലെ സ്ഥിതിയെക്കുറിച്ച് തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ചു. ‘ചരിത്രത്തിലെ വളരെ സൂക്ഷ്മമായ ഈ നിമിഷത്തിൽ’ താൻ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പറഞ്ഞു.
ഡിസംബർ 11 ന് പൊതുസദസ്സിന്റെ അവസാനം ഫ്രാൻസിസ് മാർപാപ്പ സിറിയയിലെ സ്ഥിതിയെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചു. “കൂടുതൽ സംഘർഷങ്ങളോ, ഭിന്നതകളോ ഇല്ലാതെ ഉത്തരവാദിത്വത്തോടെ രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽനിന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
13 വർഷത്തിലേറെയായി സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധം നവംബർ അവസാനത്തോടെ ജിഹാദിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്. ടി. എസ്.) നേതൃത്വത്തിലുള്ള പുതിയ ആക്രമണങ്ങളിലൂടെ ശക്തമായി. 24 വർഷങ്ങൾക്കുശേഷം പ്രസിഡന്റ് ബാഷർ അൽ-അസാദിന്റെ പതനത്തിലേക്കു നയിച്ചു.