ദരിദ്രരാജ്യങ്ങളുടെ കടങ്ങൾ റദ്ദാക്കാൻ ലോകനേതാക്കളോട് ആവശ്യപ്പെട്ട് മാർപാപ്പ

ദരിദ്രരാജ്യങ്ങളുടെ കടങ്ങൾ റദ്ദാക്കുകയോ, ഗണ്യമായി കുറയ്ക്കുകയോ ചെയ്തുകൊണ്ട് ഒരു നല്ല മാതൃക കാണിക്കാൻ ലോകനേതാക്കളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. പുതുവത്സര ദിനത്തിലെ ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷമാണ് ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയനേതാക്കളോട് ഇപ്രകാരം പറഞ്ഞത്. ഒരു രാജ്യവും ജനങ്ങളെയും കടം കൊണ്ട് തകർക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

“സ്വർഗസ്ഥനായ പിതാവിനോട് നാം എപ്പോഴും ചോദിക്കുന്നതുപോലെ നമ്മുടെ കടങ്ങൾ ആദ്യം ക്ഷമിക്കുന്നത് ദൈവമാണ്. ദരിദ്രരാജ്യങ്ങളുടെ കടങ്ങൾ റദ്ദാക്കുകയോ, ഗണ്യമായി കുറയ്ക്കുകയോ ചെയ്തുകൊണ്ട് ഒരു മാതൃക കാണിക്കാൻ ക്രിസ്ത്യൻ പാരമ്പര്യമുള്ള രാജ്യങ്ങളുടെ നേതാക്കളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു” – പാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള സംഘർഷഭരിതമായ പ്രദേശങ്ങളിൽ നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനായി നയതന്ത്രപരമായി പ്രവർത്തിക്കുന്ന എല്ലാവർക്കും പാപ്പ തന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചു. “സംഘർഷങ്ങളാൽ വലയുന്ന പല പ്രദേശങ്ങളിലും സംഭാഷണത്തിനും ചർച്ചകൾക്കുംവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരോടും ഞാൻ എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കാനും സമാധാനത്തിലും അനുരഞ്ജനത്തിലും നിർണ്ണായകമായ ശ്രദ്ധ കേന്ദ്രീകരിക്കാനും നമുക്ക് പ്രാർഥിക്കാം. എന്റെ ചിന്തകൾ യുദ്ധത്തിൽ തകർന്ന ഉക്രൈൻ, ഗാസ, ഇസ്രായേൽ, മ്യാന്മർ, (വടക്കൻ) കിവു, സംഘട്ടനത്തിലിരിക്കുന്ന നിരവധി ആളുകൾ എന്നിവയിലേക്കു പോകുന്നു” – പാപ്പ കൂട്ടിച്ചേർത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.